ഗന്ധര്വ്വന്മാര്ക്കായി പാടാനാണോ പോയത്'; വാക്കുകളിടറി രാജ
പ്രിയസുഹൃത്ത് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടില്‍ വാക്കുകളിടറി സംഗീത സംവിധായകന് ഇളയരാജ. പ്രിയസുഹൃത്തിന് വീഡിയോയിലൂടെ യാത്രാമൊഴി ചൊല്ലുകയാണ് അദ്ദേഹം.
രോഗബാധിതനായ എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇളയരാജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ഏറെ ഹൃദയഭേദകമായിരുന്നു. 'പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ' (ബാലു, ശീഘ്രം വാ.,) എന്നു പറഞ്ഞു തുടങ്ങുന്നതായിരുന്നു ആ വീഡിയോ. എസ്പിബിയുടെ മരണശേഷവും സമാനമായ ഒരു വീഡിയോയാണ് ഇളയരാജ പങ്കുവച്ചിരിക്കുന്നത്.
‘ബാലൂ’ എന്ന് സംബോധന ചെയ്തുകൊണ്ടുള്ളതാണ് പുതിയ വീഡിയോയും. “ബാലൂ, പെട്ടെന്ന് എഴുന്നേറ്റ് വാ, നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നു. നീ കേട്ടില്ല. കേട്ടില്ല. പോയിക്കളഞ്ഞു. എങ്ങോട്ട് പോയി? ഗന്ധര്വ്വന്മാര്ക്കായി പാടാനാണോ പോയത്? ഇവിടെ ലോകം ശൂന്യമായിപ്പോയി. ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല. സംസാരിക്കാനായി വാക്കുകള്‍ വരുന്നില്ല. പറയാന്‍ കാര്യവുമില്ല. എന്ത് പറയണമെന്നുതന്നെ അറിയില്ല. എല്ലാ ദു:ഖത്തിനും ഒരു അളവുണ്ട്. ഇതിന് അളവില്ല” എന്ന് അദ്ദേഹത്തിന് വാക്കുകളിടറുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.04 ഓടെയാണ് ഹൃദയാഘാതം മൂലം എസ്പിബിയുടെ മരണം സ്ഥിരീകരിച്ചത്. 74 വയസ്സായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ചെന്നൈ നൂങ്കംപാക്കത്തെ വസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പരിമിത മായ സമയം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെങ്കിലും ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
അതിനു ശേഷം ചെന്നൈയുടെ പരിസരത്തുള്ള റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകള്‍.
https://www.facebook.com/Malayalivartha