ദുര്‍മന്ത്രവാദികളെന്ന് നാട്ടുകൂട്ടം വിധിച്ച രണ്ടു പേരെ ഗ്രാമീണര്‍ കൊന്ന് കത്തിച്ചു; ഒമ്പത് പേര്‍ അറസ്റ്റില്‍

അസ്സമില്‍ കര്‍ബി അങ്ലോങ് ജില്ലയിലെ ദോക്മോക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന റോഹിമപുരില്‍ രണ്ടു പേരെ നാട്ടുകാര്‍ കൊന്ന് കത്തിച്ചു.
നാട്ടില്‍ ദുരന്തം വിതയ്ക്കാനെത്തിയ ദുര്‍മന്ത്രവാദികളാണ് ഇവരെന്ന് നാട്ടുകൂട്ടം വിധിച്ചതോടെ, ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച രാവിലെ സംഭവമറിഞ്ഞ് എത്തിയ പോലീസിന് കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ മാത്രമാണ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ അറസ്റ്റിലായി.
ആദിവാസി സമൂഹത്തിലെ ഒരു സ്ത്രീ കഴിഞ്ഞ ദിവസം രോഗബാധിതയായി മരണമടഞ്ഞിരുന്നു. ഇവരുടെ സംസ്‌കാരം നടത്തുന്നതിനിടെ അസാധാരണമായ വിധത്തില്‍ പെരുമാറിയ ഒരു മധ്യവയസ്‌ക ദുര്‍മന്ത്രവാദിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനങ്ങളുടെ ദുരിതത്തിന് കാരണക്കാരിയായ ഇവരെ വധിക്കാന്‍ നാട്ടുക്കൂട്ടം വിധിക്കുകയായിരുന്നു.
ഉടന്‍ നാട്ടുകാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവിനെയും ഉപദ്രവിച്ചു. നാട്ടുകാരുടെ ആക്രമണത്തില്‍ രമാവതി ഹലുവ(50), ബിജോയ് ഗൗര്‍(28) എന്നിവരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ സമീപത്തുള്ള കുന്നില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ സംസ്ഥാനത്ത് 161 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ കണക്ക്. 2018- ലും ദോക്മോക പോലീസ് സ്റ്റേഷന്‍ പരിരിയില്‍ സമാനമായ സംഭവം നടത്തിരുന്നു. രണ്ട് യുവാക്കളാണ് അന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇത്തരം കുറ്റകൃത്യങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നിയമവും നടപ്പിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























