കാമുകിയായ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

സൗത്ത്വെസ്റ്റ് ഡല്‍ഹിയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആഗ്ര, ലക്‌നൗ, ബിഹാര്‍ എന്നിവടങ്ങളിലൂടെ അസമിലെത്തിയ ഡല്‍ഹി കുത്തബ് വിഹാര്‍ സ്വദേശി സതീഷ് കുമാര്‍ (28) പൊലീസ് പിടിയിലായി. ഇവിടെനിന്ന് മേഘാലയിലെ ഷില്ലോങ്ങിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടയിലായിരുന്നു അറസ്റ്റ്.
ഭാര്യയും രണ്ടു വയസ്സുള്ള മകളുമുള്ള സതീഷ്, ഗുരുഗ്രാമില്‍ സതീഷിനൊപ്പം ജോലി ചെയ്തിരുന്ന ദിഷു കുമാരിയുമായി 2017 മുതല്‍ പ്രണയത്തിലായി. കുത്തബ് വിഹാറില്‍ വാടകയ്ക്കാണ് സതീഷ് താമസിച്ചിരുന്നത്. പൂട്ടിക്കിടന്ന ഈ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി സെപ്റ്റംബര്‍ അവസാനം ലഭിച്ച വിവരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദിഷുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ മരിച്ചനിലയിലായിരുന്നു ദിഷു. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു.
സതീഷും ദിഷയുമായി ദിഷയുടെ മറ്റു ബന്ധങ്ങളെച്ചൊല്ലി നിരന്തരം വഴക്കുകൂടിയിരുന്നു. സെപ്റ്റംബര്‍ 23-ന് സതീഷും ദിഷുവും കുത്തബ് വിഹാറിലെ വാടകമുറിയിലെത്തി. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുത്തര്‍ക്കമുണ്ടാകുകയും സതീഷ് ദിഷയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായെങ്കിലും ദിഷു അല്‍പസമയത്തിനകം ബോധം വീണ്ടെടുക്കുകയും വീണ്ടും ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ വീണ്ടും ദിഷയുടെ കഴുത്തുഞെരിച്ച് സതീഷ് കൊലപ്പെടുത്തുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.
ദിഷുവിനെയും സതീഷിനെയും തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ്. മുറിക്കുള്ളില്‍ കയറി കുറച്ചു സമയത്തിനുശേഷം സതീഷ് മാത്രം ഇറങ്ങിവരുന്നതും ഒരു സ്‌കൂട്ടറില്‍ കയറിപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു സതീഷിന്റെ സുഹൃത്തിന്റെ സ്‌കൂട്ടറാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സതീഷ് അസമിലുള്ള സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിലാണ് അസമിലെ ദിബ്രുഗഡിലുള്ള ഹോട്ടലില്‍നിന്ന് സതീഷിനെ പിടികൂടിയത്.
സതീഷ് മൃതദേഹം കിടക്കയ്ക്കുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുമ്പ് കമ്പിയില്‍ തലതട്ടിയതിനാല്‍ സാധിച്ചില്ല. പിന്നീട് മൃതദേഹം കട്ടിലില്‍തന്നെ കമ്പിളികൊണ്ട് മൂടിയശേഷം കടന്നുകളയുകയായിരുന്നു. ഇതിനുശേഷം ദ്വാരക സെക്ടര്‍ 12-ലെത്തി 31,000 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വിറ്റു. മറ്റൊരു സ്ഥലത്ത് ദിഷുവിന്റെ ഫോണ്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് സ്‌കൂട്ടറില്‍ ആഗ്രയ്ക്ക് പോയി. പിറ്റേന്ന് ലക്‌നൗവിലേക്കും അവിടെനിന്ന് ഗോരഖ്പുരിലേക്കും പോയി. തുടര്‍ന്ന് ബിഹാര്‍ വഴി ദിബ്രുഗഡിലെത്തിയ ഉടനെ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ടിവി പരമ്പരയായ 'ക്രൈം പട്രോള്‍' ഉള്‍പ്പെടെയുള്ളവയുടെ മാതൃകയാണ് പ്രതി സ്വീകരിച്ചതെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.
https://www.facebook.com/Malayalivartha






















