വീണ്ടും രക്തം ചിതറി പുൽവാമ ! ഭീകരാക്രമണത്തിൽ സൈനികർക്ക് വീരമൃത്യു

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സൈനികരുടെ രക്തം പുൽവാമയുടെ മണ്ണിൽ വീണിരിക്കുകയാണ്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോര്‍ ബൈപാസിന് സമീപത്ത് ഉച്ചക്ക് 12.50 ഓടെയൊണ് ആക്രമണമുണ്ടായത്. സിആർപിഎപ് 110 ബറ്റാലിയൻ സംഘത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഖാണ്ഡിജൽ പാലത്തിൽ ചുമതലയ്ക്കായാണ് സിആർപിഎഫ് സംഘത്തെ നിയോഗിച്ചത്. ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ ഉദ്യോഗസ്ഥർ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ സൈന്യം കണ്ടെടുത്തിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. യഥാസമയം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി നശിപ്പിച്ചതിനാല്‍ പുല്‍വാമ ആക്രമണത്തിന് സമാനമായ വലിയ ദുരന്തമാണ് ഒഴിവായതെന്ന് സൈന്യം അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയത്. ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 416 പാക്കറ്റ് സ്‌ഫോടകവസ്തുക്കളാണ് ഇതിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമാനമായ മറ്റൊരു ടാങ്കില്‍ 50 ഡിറ്റണേറ്ററുകളും കണ്ടെത്തി. സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.
2019 ഫെബ്രുവരിയിലാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. 35 കി.ഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ പാകിസ്താൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മൊഹമ്മദ് ഭീകരസംഘത്തിലെ മസൂദ് അസ്ഹറും സഹോദരന്‍ റൗഫ് അസ്ഗറുമാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്മാര്‍ എന്ന് കണ്ടെത്തിയിരുന്നു.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്.
https://www.facebook.com/Malayalivartha






















