രണ്ട് യുദ്ധത്തിന് തയ്യാർ ! അതിർത്തിയിൽ സ്ഥിതി അശാന്തമായി തുടരവേ പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പുമായി വ്യോമസേന മേധാവി ആർ. കെ. എസ് ഭദൗരിയ്യ

അതിർത്തിയിൽ സ്ഥിതി അശാന്തമായി തുടരവേ പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പുമായി വ്യോമസേന മേധാവി ആർ. കെ. എസ് ഭദൗരിയ്യ. ഒരേ സമയം രണ്ട് രാഷ്ട്രങ്ങളുമായി യുദ്ധം ഉൾപ്പെടെയുള്ള സംഘട്ടനത്തിന് തയ്യാറാണെന്ന് വ്യോമസേന മേധാവി പറഞ്ഞു. പാകിസ്ഥാനും ചൈനയുമായും യുദ്ധത്തിന് ഇന്ത്യൻ വ്യോമസേന തയ്യാറാണോയെന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.
'അതിർത്തിയിൽ ഉയർന്നുവരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പോരാടാനുള്ള ശക്തമായ കഴിവ് ആവശ്യമാണ്. പ്രവർത്തനപരമായി വ്യോമസേന മികച്ചതാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ആശ്ചര്യപ്പെടുത്തുന്ന കഴിവുകളോടെ ഇന്ത്യൻ വ്യോമസേന അതിവേഗം മാറുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ലഡാക്കിൽ ചൈനയിൽ നിന്നുള്ള ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണോയെന്ന ചോദ്യത്തിന് സേന സജ്ജമാണെന്നായിരുന്നു വ്യോമസേനാ മേധാവിയുടെ മറുപടി. കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റത്തെച്ചൊല്ലി ഏപ്രിൽ മുതൽ ചൈനയും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഏറ്റുമുട്ടലിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി. കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ അന്ന് വീരമൃത്യു വരിച്ചിരുന്നു.
. ലഡാക്കിലെ സംഘർഷത്തിന് പിന്നാലെ അരുണാചൽ പ്രദേശിൽ സൈന്യം കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. അരുണാചൽ പ്രദേശിൽ തർക്കം നിലനിൽക്കുന്ന ആറു പ്രദേശങ്ങളിലും സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനയുടെ ഭാഗത്ത് നിന്നും എന്ത് പ്രകോപനം ഉണ്ടായാലും പ്രതിരോധിക്കാനായി സൈന്യം ശക്തമായ മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് പട്രോളിംഗും ഇന്ത്യൻ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് 25 വർഷത്തിനു മുകളിലായി. നേരത്തെ നടന്ന ചർച്ചയിൽ അതിർത്തിയിൽ നിന്നു പിന്മാറാൻ ഇരുവിഭാഗവും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഗാൽവാൻ താഴ്വരയിൽ ഇതേതുടർന്നുള്ള സൈനിക പിൻമാറ്റം നടക്കുന്നതിനിടെ ചൈന വീണ്ടും തിരികെയെത്തി ക്യാംപ് സ്ഥാപിച്ചതാണ് അവിടെ ഒരു രാത്രി മുഴുവൻ നീണ്ട സംഘർഷത്തിലേക്ക് നയിച്ചത്.
അതോടൊപ്പം പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അന്ന് 44 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. 35 കി.ഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ പാകിസ്താൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മൊഹമ്മദ് ഭീകരസംഘത്തിലെ മസൂദ് അസ്ഹറും സഹോദരന്‍ റൗഫ് അസ്ഗറുമാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരന്മാര്‍ എന്ന് കണ്ടെത്തിയിരുന്നു.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്. പകരമായി തീവ്രവാദ സംഘടനയുടെ പരിശീലന ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് മുറുകിയിരുന്നു.
"https://www.facebook.com/Malayalivartha






















