ഐപിഎല്‍ വാതുവയ്പ് കേസിന്റെ വിധി 23ന്

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരേയുള്ള ഐപിഎല്‍ വാതുവയ്പ്, ഒത്തുകളി കേസില്‍ ഡല്‍ഹി വിചാരണ കോടതി 23ന് വിധി പറയും. ഐപിഎല്‍ വാതുവയ്പിനെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന്റെ കുറ്റപത്രത്തിന്മേലുള്ള തീരുമാനമാകും ഡല്‍ഹിയിലെ പട്യാലഹൗസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ പ്രഖ്യാപിക്കുക.
ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാനെയും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുള്ളത്. താരങ്ങള്‍ ഒത്തുകളി യും വാതുവയ്പും നടത്തിയതിനു വ്യക്തമായ തെളിവില്ലെന്നും ഇവര്‍ക്കെതിരേ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമമായ മക്കോക ചുമത്തിയത് എന്തടിസ്ഥാനത്തിലാണെന്നും 22 മാസം നീണ്ട വാദത്തിനിടെ കോടതി പലതവണ ചോദ്യം ഉന്നയിച്ചിരുന്നു.
ശ്രീശാന്ത് അടക്കമുള്ളവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതിനു പോലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതിയാക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു. അതേസമയം ശ്രീശാന്ത് ഉള്‍പ്പെടെ കേസിലെ പ്രതികള്‍ക്കു ഗൂഢാലോചനയെക്കുറിച്ചു നേരിട്ടറിവുണ്ടെന്നാണു പോലീസ് പറയുന്നത്.
കേസിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്കു കുറ്റം ചുമത്തുന്നതിലുള്ള കോടതി ഉത്തരവ് നിര്‍ണായകമാണ്. വിധി അനുകൂലമായാല്‍ നിലവില്‍ ശ്രീശാന്തിനെതിരേയുള്ള വിലക്കുകള്‍ നീങ്ങിയേക്കും. അതിനിടെ, ഐപിഎല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിപ്പിക്കാന്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നു ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























