ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു... ഇതോടെ മരണസംഖ്യ 31 ആയി ഉയർന്നു...

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. സംയുക്ത രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തപോവന്‍ പവര്‍ പ്രോജക്ടിന്റെ തുരങ്കത്തില്‍ മുപ്പതോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ചയാണ് ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. 170 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. തുരങ്കത്തില്‍ അടിഞ്ഞ മണ്ണും ചെളിയും മറ്റും നീക്കം ചെയ്യാന്‍ ഞായാഴ്ച രാത്രി മുതല്‍ ആരംഭിച്ച ശ്രമം ഐ.ടി,ബി.പി., എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
തുരങ്കത്തില്‍ കുടുങ്ങിയ മുപ്പതോളം പേരെ രക്ഷിക്കാന്‍ ഞങ്ങളുടെ സംഘങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.ടി.ബി.പി. വക്താവ് വിവേക് കുമാര്‍ പാണ്ഡെ വ്യക്തമാക്കി. തുരങ്കത്തിനുള്ളില്‍ ഒരുപാട് അളവിൽ മണ്ണും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ട്. നൂറു മീറ്ററോളം ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്തിട്ടുമുണ്ട്. മുന്നൂറോളം ഐ.ടി.ബി.പി. സേനാംഗങ്ങളെയാണ് പ്രദേശത്ത് നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























