എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ.... പൊതുസ്ഥലം സ്ഥിരം സമരവേദിയാക്കരുതെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി...

ജനങ്ങൾക്ക് പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്നും ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും നിർദേശിച്ച് സുപ്രീം കോടതി.
ഡല്‍ഹി ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വിലയിരുത്തൽ.
ആക്ടിവിസ്റ്റുകളുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പൊടുന്നനേ ഉണ്ടാകും. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തില്‍, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങള്‍ തുടര്‍ച്ചയായി കയ്യടക്കരുത് എന്നാണ് സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി.
ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. ഫെബ്രുവരി 9ന് ഹര്‍ജി പരിഗണിച്ചുവെങ്കിലും കോടതി ഉത്തരവ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ച രാത്രിയോടെയാണ്. സമരങ്ങള്‍ക്കു വേണ്ടി പൊതുസ്ഥസലങ്ങള്‍ പ്രതിഷേധക്കാർ കയ്യടക്കരുതെന്നും പൊതുജന പ്രതിഷേധം നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ മാത്രമേ നടത്താവൂ എന്നും കോടതി നിർദ്ദേശിച്ചു. 2020 ഒക്ടോബറിലാണ് ഷഹീന്‍ബാഗ് സമരത്തിന് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്. എതിരഭിപ്രായവും ജനാധിപത്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പറഞ്ഞ കോടതി, ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു.
"
https://www.facebook.com/Malayalivartha
























