ഗെറ്റ് വെൽ സൂൺ ദീദി... മമതക്കായി പ്രാർഥന അറിയിച്ച് അമിത് ഷാ... കൊല്ലപ്പെട്ട പ്രവർത്തകരെ പറ്റി കൂടി ആലോചിക്കാൻ മമതയോട് നിർദ്ദേശിച്ച് ഷാ...

നന്ദിഗ്രാമിലെ ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടെന്ന മമതാ ബാനര്‍ജിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് അമിത് ഷാ. ബങ്കുരയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മമതയുടെ ആരോപണങ്ങളെ തള്ളി അമിത് ഷാ രംഗത്തെത്തിയത്.
'മമതയ്ക്ക് കാലില്‍ പരിക്കേറ്റിരിക്കുന്നു, അത് എങ്ങനെ ഉണ്ടായെന്ന് കൃത്യമായി അറിയില്ല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
എന്നാല്‍ അപകടം ബോധപൂര്‍വമുള്ള ആക്രമണം അല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 'ദീദി, നിങ്ങള്‍ വീല്‍ചെയറില്‍ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റിത്തിരിയുന്നു.
നിങ്ങളുടെ കാലുകളെ പറ്റി ആശങ്കപ്പെടുന്നു. എന്നാല്‍ ബംഗാളില്‍, നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ സംഘര്‍ഷങ്ങളില്‍ ഞങ്ങളുടെ 130 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നു, അവരുടെ അമ്മമാരെ പറ്റി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ,
ആ വേദന നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? സ്വന്തം കാലിന്റെ വേദനയെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്കറിയൂ' എന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു.
''ഇന്ന് ഞാന്‍ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയത് അല്‍പം വൈകിയാണ്. എനിക്ക് സഞ്ചരിക്കേണ്ടിയിരുന്ന ഹെലികോപ്ടറിന് തകരാറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതും ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ പറയില്ല.
നിങ്ങള്‍ പെട്ടന്ന് സുഖപ്പെടാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു, അതേസമയം ബംഗാളില്‍ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവര്‍ത്തകരെക്കൂടി നിങ്ങള്‍ ഓര്‍ത്തിരുന്നെങ്കില്‍ നല്ലതായിരിക്കും'' എന്നും അമിത് ഷാ അറിയിച്ചു.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ കാലില്‍ പരിക്കേറ്റത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു മമതയുടെ ആരോപണം.
കാലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മമത ബാനര്‍ജി ഡിസ്ചാര്‍ജിന് ശേഷം വീല്‍ചെയറില്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
ജനങ്ങളുടെ വേദന തന്റെ വേദനയേക്കാള്‍ വലുതാണെന്നായിരുന്നു തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമത പറഞ്ഞത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നിന്ന് താന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























