2016- ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ വിപണിയില്‍ പ്രചാരത്തില്‍ ഇല്ല; 2,000 രൂപ നോട്ടുകള്‍ കൂടുതല്‍ കൂടുതല്‍ അദൃശ്യമായി തുടരുകയുമാണ്

ഇന്ത്യയില്‍ 2019 മുതൽ പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യം, അത് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ നിന്നും (എടിഎം) അപ്രത്യക്ഷമാകാന്‍ തുടങ്ങി, തുടര്‍ന്ന് ബാങ്ക് ബ്രാഞ്ചുകളിലെ ക്യാഷ് കൗണ്ടറുകളില്‍ നിന്നും അപ്രത്യക്ഷമായി. ഇത് 2,000 രൂപ നോട്ടിന്റെ അപ്രഖ്യാപിത പിന്‍വലിക്കലിന്റെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല എടിഎമ്മുകളില്‍ നിന്ന് 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി വിവിധ ബാങ്കുകളും വ്യക്തമാക്കിയിരുന്നു.
പഴയ 500 രൂപയും 1,000 രൂപ നോട്ടുകളും പൂർണമായി പിന്‍വലിച്ച ശേഷമാണ് 2,000 രൂപയുടെ കറന്‍സി നോട്ട് ഏവർക്കും മുന്നിൽ അവതരിപ്പിച്ചത്. (പഴയ) 500 രൂപയും 1,000 രൂപയുടെ കറന്‍സി നോട്ടുകളും നിരോധിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ പണക്ഷാമം ലഘൂകരിക്കുന്നതിനായി തുടക്കത്തില്‍ 2,000 രൂപ നോട്ട് വലിയ അളവില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹോര്‍ഡിംഗ് എന്നിവയ്ക്കായി ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് ഉപയോഗിക്കുന്നുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ സംശത്തെത്തുടര്‍ന്ന് രണ്ടായിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്താനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് മാധ്യമ സ്ഥാപനമായ ദ പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം 2018 മാർച്ച് 30 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ 3362 ദശലക്ഷം 2000 രൂപ നോട്ടുകളാണ് വിതരണത്തിലുള്ളത് തന്നെ. എണ്ണത്തിന്റെ കണക്കിൽ 3.27 ശതമാനവും വിതരണത്തിലുള്ള കറൻസികളുടെ ആകെ മൂല്യത്തിന് 37.26 ശതമാനവും വരുന്നതാണ്. 2021 ഫെബ്രുവരി 26 ലെ കണക്ക് പ്രകാരം 2499 ദശലക്ഷം 2000 രൂപ നോട്ടുകൾ വിപണിയിൽ ഉണ്ട്. 2019 ഏപ്രിൽ മാസത്തിന് ശേഷം പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചിട്ടില്ല. കള്ളപ്പണം തടയുക, വിപണിയിലെ കറൻസി ബാലൻസിങ് നിലനിർത്തുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിന് കാരണമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























