മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം.... രോഗം കണ്ടെത്തുന്നതിനും രോഗികളെ ട്രാക്ക് ചെയ്യുന്നതിനുമായി ആര്‍.ടി.-പി.സി.ആര്‍. പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ചെറുനഗരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കണമെന്നും പ്രധാനമന്ത്രി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 23,179 കോവിഡ് കേസുകള്‍. സംസ്ഥാനത്ത് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
ചൊവ്വാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ ഏകദേശം 30 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.ബുധനാഴ്ച നാഗ്പുറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്-2,698 കേസുകള്‍.
പുണെയിലും മുംബൈയിലും യഥാക്രമം 2,612, 2,377 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 1.52 ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം അടിയന്തരമായി തടയേണ്ടതുണ്ടെന്ന് ബുധനാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വിര്‍ച്വല്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. പരിശോധന വര്‍ധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കല്‍ ഉറപ്പാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.
മഹാമാരിയെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി വീണ്ടും പടരാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'നിര്‍ണായകമായ നടപടികളിലൂടെ നമ്മള്‍ അടിയന്തരമായി കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടയണം. കോവിഡിനെതിരായ പോരാട്ടത്തിലൂടെ നമ്മള്‍ ആര്‍ജിച്ച ആത്മവിശ്വാസം അമിത ആത്മവിശ്വാസമാകരുത്. നമ്മുടെ വിജയം അശ്രദ്ധയ്ക്ക് കാരണമാകരുത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കാതെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.'- അദ്ദേഹം പറഞ്ഞു.
രോഗം കണ്ടെത്തുന്നതിനും രോഗികളെ ട്രാക്ക് ചെയ്യുന്നതിനുമായി ആര്‍.ടി.-പി.സി.ആര്‍. പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ചെറുനഗരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ഇതുവരെ 23,70,507 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 21,63,391 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 53,080 പേര്‍ക്കാണ് രോഗബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
"
https://www.facebook.com/Malayalivartha
























