ജാതകത്തിലെ ചൊവ്വാദോഷ പരിഹാരം; പതിമൂന്ന്കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

പഞ്ചാബിൽ ജാതകത്തിലെ ചൊവ്വാ ദോഷം പരിഹരിക്കാന്‍ 13 വയസ്സുള്ള വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം നടന്നിരിക്കുന്നത്. ജാതകത്തില്‍ ചൊവ്വാദോഷമുള്ളതിനാല്‍ വിവാഹം നടക്കില്ലെന്ന് യുവതിയുടെ കുടുംബം വിശ്വസിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ചാൽ ഇതിനു പരിഹാരം കിട്ടുമെന്ന് ജ്യോത്സ്യൻ നിർദ്ദേശിക്കുക ആയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി പ്രതീകാത്മക വിവാഹം കഴിച്ചാല്‍ ജാതകത്തിലെ ദോഷം മാറിക്കിട്ടുമെന്നായിരുന്നു ജ്യോത്സ്യൻ പറഞ്ഞത്. യുവതിയുടെ ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിയാണ് 13 വയസ്സുള്ള കുട്ടി. ട്യൂഷന് വേണ്ടി കുട്ടിയെ ഒരാഴ്ച്ച തന്റെ വീട്ടില്‍ നിര്‍ത്തണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് ആൺകുട്ടിയെ വിവാഹം കഴിപ്പിച്ചത്. തുടർന്ന് ഈ സമയത്തായിരുന്നു വിവാഹം നടത്തിയിരുന്നത്.
ഒരാഴ്ച്ചയ്ക്ക് ശേഷം സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിആയിരുന്നു നടന്ന സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞത് . വിവരം അറിഞ്ഞ ഉടനെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകുക ആയിരുന്നു.
യഥാര്‍ത്ഥ വിവാഹ ചടങ്ങുകളോടെയാണ് കുട്ടിയെ അധ്യാപിക വിവാഹം ചെയ്തതെന്ന് പരാതിയില്‍ വ്യക്തമായി പറയുന്നു. പരമ്പരാഗത ചടങ്ങുകളായ, ഹല്‍ദി, മെഹന്ദി ചടങ്ങുകളും ആദ്യ രാത്രിയും അടക്കം വിവാഹത്തിന് ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. ഇതിന് ശേഷം വിവാഹ വളകള്‍ പൊട്ടിച്ച് യുവതി 'വിധവ'യായി പ്രഖ്യാപിക്കുകയും ചെയ്തു. നിര്‍ദ്ദേശിച്ച ആചാരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കുടുംബം അനുശോചന യോഗമടക്കം സംഘടിപ്പിച്ചു.
കുട്ടിയെ അനധികൃതമായി തടവിലാക്കിയാണ് നിര്‍ബന്ധിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതെന്നും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേമസയം, വീട്ടുകാര്‍ പരാതി നല്‍കിയതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപികയും ബന്ധുക്കളും ശ്രമിച്ചതായും ചില റിപ്പോർട്ടുകളുണ്ട്. അധ്യാപികയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ നിര്‍ബന്ധിതരായി. ആണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പരാതി ലഭിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതായി ബസ്തി ബവഖേല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗംഗദീപ് സിങ് സെഖോന്‍ പറഞ്ഞു.
ഇരുകൂട്ടരും തമ്മില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിച്ചതാണെന്നാണ് ഇവർ പറയുന്നത്. അതേസമയം, സംഭവം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് നിർദ്ദേശിച്ചിരിക്കുകയാണ്. ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരും വിശദാംശങ്ങളും പൊലീസ് വെളിപ്പെടുത്തിയില്ല. കേസില്‍ ഇതുവരെ അധ്യാപികയ്ക്കോ കുടുംബത്തിനോ എതിരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























