കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു... കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പഞ്ചാബ് സംസ്ഥാന സർക്കാർ... മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നീക്കം...

കൊവിഡ് മഹാമാരി വന്ന് ഒരാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും ആശങ്കയോടെയാണ് ജനങ്ങൾ കഴിയുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍.
പരിശോധനകള്‍ വര്‍ധിപ്പിക്കാനും മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് പരിശോധനകള്‍ പ്രതിദിനം 35,000 ആയി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. കോവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കാനും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാനും നിര്‍ദേശിച്ചു.
കോവിഡ് മൂലം ജീവന്‍ വെടിഞ്ഞവരെ അനിസ്മരിക്കുന്നതിന് എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂര്‍ നിശബ്ദത പാലിക്കാനും സർക്കാർ തീരുമാനിച്ചു. ഈ സമയത്ത് വാഹനഗതാഗതം അടക്കമുള്ളവ കർശനമായി നിരോധിക്കും.
മെഡിക്കല്‍ കോളേജുകളും നേഴ്‌സിങ് കോളേജുകളും ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31ന് വരെ അടച്ചിടും. സിനിമാശാലകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കൂ.
മാളുകളില്‍ ഒരു സമയത്ത് 100 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. സിനിമാശാലകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, റസ്റ്റോറന്റുകള്‍, മാളുകള്‍ തുടങ്ങിയവ ഞായറാഴ്ചകളില്‍ അടച്ചിടും. രോഗബാധ കൂടുതലുള്ള 11 ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.
ഈ നഗരങ്ങളില്‍ സാമൂഹ്യമായ കൂടിച്ചേരലുകള്‍ തടഞ്ഞതായാണ് വിവരം. ശവസംസ്‌കാര ചടങ്ങുകള്‍, വിവാഹങ്ങള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. ഇത് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ വരും.
നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയ കൊവിഡ് കേസുകളുടെ എണ്ണം 10 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്തെ കോവിഡ് നിരക്കുകളില്‍ 39 ശതമാനം വര്‍ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ചത്തെ കോവിഡ് കേസുകളുടെ എണ്ണം മാത്രം 40,000 ന് അടുത്ത് എത്തിയതും ആശങ്കയുയര്‍ത്തുന്നുണ്ട്.
39,726 പുതിയ കേസുകളാണ് വ്യാഴാഴ്ച മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിധിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 മരണങ്ങൾ റിപ്പോർട്ട് ചെയ്തത് സ്ഥിതി വഷളാക്കുന്ന സൂചനയാണ് നൽകുന്നത്.
2020 മെയ് 19 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് പ്രതിദിന കോവിഡ് കേസുകളില്‍ സമാനമായ വര്‍ധനവ് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും വലിയ വര്‍ധനവാണ് കോവിഡ് കേസുകളില്‍ ഉണ്ടാകുന്നത്.
ഇതോടെ രാജ്യത്ത് ആകെ പോസിറ്റിവ് ആയവരുടെ എണ്ണം 1,15,14,331 ആയി. നിലവില്‍ 2,71,282 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 154 പേരുള്‍പ്പടെ ആകെ കോവിഡ് മരണങ്ങൾ 1,59,370 ആണ്. അതേസമയം, 3,93,39,817 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തത്.
https://www.facebook.com/Malayalivartha
























