ജെസ്ന എവിടെ? ജെസ്‌നയെ തട്ടികൊണ്ട് പോയതാണ്; അവൾ ഇപ്പോഴും ജീവിചിരിപ്പുണ്ട്, ജെഫി പറയുന്നു

എന്നെങ്കിലുമൊരിക്കൽ ഇളയ മകൾ മടങ്ങി വരുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ഈ അച്ഛൻ. കുഞ്ഞിപ്പെങ്ങൾ തിരിച്ചെത്തുന്നതും കാത്ത് രണ്ടു സഹോദരങ്ങളും ഉറങ്ങാതെയിരിക്കുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണട വച്ച, എപ്പോഴും കലപില കൂട്ടുന്ന ജെസ്നയുടെ തിരിച്ചുവരവിനായി കാതോർക്കുകയാണ് മൂവരും.
‘ജെസ്നയെ തട്ടിക്കൊണ്ടു പോയതാണ്. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം'. ജെസ്നയുടെ മൂത്ത സഹോദരി ജെഫി ജയിംസ് പറയുന്നു. ‘മനോബലമുള്ള വ്യക്തിയാണ് ജെസ്ന. അവളെ തട്ടിക്കൊണ്ടു പോയതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു...’ വാക്കുകൾ മുഴുമിപ്പിക്കും മുൻപ് ജെഫിയുടെ ശബ്‌ദം പാതിവഴിയിൽ മുറിഞ്ഞു.
ജോസഫ്–ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. രാവിലെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല.
മൂന്നു വർഷമായി കേരളത്തിന്റെ ചോദ്യം ഇതാണ്. കേരള പൊലീസിന്റെ ക്രൈംഫയലിൽ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനമെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജെസ്നയുടെ തിരോധാനത്തിന് മാർച്ച് 22ന് മൂന്നു വർഷം തികയും.
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാറിമാറി അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ല. തുടർന്ന് ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോൾ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha
























