ഇന്ത്യയുമായി നിലവിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്തോ - പസഫിക് മേഖലയില്‍ സുരക്ഷ ഉറപ്പിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍

ഇന്ത്യയുമായി നിലവിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്തോ - പസഫിക് മേഖലയില്‍ സുരക്ഷ ഉറപ്പിക്കാനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.
സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഓസ്റ്റിന്‍ ഇക്കാര്യം അറിയിച്ചത്.ബൈഡന്‍-കമലാ ഹാരിസ് ഭരണകൂടത്തിന് പങ്കാളികളുമായുള്ള പ്രതിബദ്ധത അറിയിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ഓസ്റ്റിന്‍ പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രധാന പ്രതിരോധ പങ്കാളിത്തം വിപുലപ്പെടുത്താന്‍ യു.എസ് ഭരണകൂടം മുന്‍ഗണന നല്‍കുന്നു. മേഖലയിലെ സുരക്ഷാ സഹകരണം, സൈന്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍, പ്രതിരോധ ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.
ഇന്ത്യയും യു.എസുമായുള്ള സമഗ്രവും തന്ത്രപരവുമായ ആഗോള സഹകരണം പൂര്‍ണതോതില്‍ വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു.
സായുധ സേനകള്‍ തമ്മിലുള്ള ഇടപെടലുകള്‍, വിവരങ്ങള്‍ കൈമാറല്‍, പ്രതിരോധ മേഖലയിലെ നൂതനമായ വിഭാഗങ്ങളിലുള്ള സഹകരണം, ഇരുവരുടെയും സൗകര്യങ്ങള്‍ പങ്കിടല്‍ തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്തു.
ഇന്തോ-പസഫിക് കമാന്‍ഡ്, ആഫ്രിക്ക കമാന്‍ഡ്, സെന്‍ട്രല്‍ കമാന്‍ഡ് എന്നിവയിലൂടെയുള്ള പരസ്പര സഹകരണവും അവലോകനം ചെയ്തു. യു.എസുമായുണ്ടാക്കിയ എല്‍.ഇ.എം.ഒഎ, കോംകാസ, ബെക്ക സൈനിക സഹകരണ കരാറുകള്‍ ഫലപ്രദമായി നടപ്പാക്കുന്നതും ചര്‍ച്ചയായെന്ന് രാജ്‌നാഥ് പറഞ്ഞു.
ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപത്തിനുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തണമെന്ന് രാജ്‌നാഥ് അഭ്യര്‍ത്ഥിച്ചു.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തി. ഇന്തോ-പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഡോവലുമായി ചര്‍ച്ച ചെയ്തു.ബൈഡന്‍ അധികാരമേറ്റ ശേഷം ഓസ്റ്റിന്‍ നടത്തിയ ആദ്യ വിദേശ പര്യടനത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയത്, യു.എസ് ഇന്ത്യയ്ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
റഷ്യന്‍ ബന്ധം ചര്‍ച്ചയായേക്കുംറഷ്യയുമായുള്ള പ്രതിരോധ ഇടപാടുകളില്‍ നിന്ന് ഇന്ത്യ പിന്മാറണെന്ന ആവശ്യം ഓസ്റ്റിന്‍ ഇന്ത്യന്‍ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ ഉന്നയിക്കുമെന്ന് സൂചനയുണ്ട്.
റഷ്യന്‍ എസ് - 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇടപാട് ഉപേക്ഷിച്ചില്ലെങ്കില്‍ ഉപരോധം നേരിടേണ്ടി വരുമെന്ന യു.എസ് സെനറ്റിന്റെ മുന്നറിയിപ്പും അദ്ദേഹം ഇന്ത്യയെ അറിയിക്കും. റഷ്യ- യു.എസ് ബന്ധം വഷളായി വരുന്ന സാഹചര്യത്തിലാണിത്.
ചൈനയെ പ്രതിരോധിക്കാന്‍ യു.എസിന്റെ സഹകരണം ആവശ്യമാണെങ്കിലും സൗഹൃദ രാജ്യമായ റഷ്യയുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനത് തലവേദനയാകും.
https://www.facebook.com/Malayalivartha
























