മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു..... കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13,165 പേര്‍ കൂടി രോഗമുക്തി നേടുകയും 132 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ഇതുവരെ 25,33,026 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,47,495 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 53,589 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. നിലവില്‍ 2,30,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
പുണെ ജില്ലയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,722 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പുണെയില്‍ മാത്രം രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 9,640 ആയിട്ടുണ്ട്.
പുണെയില്‍ ഇതുവരെ 4,79,521 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,27,400 പേര്‍ രോഗമുക്തി നേടി. നിലവില്‍ 42,650 സജീവ കേസുകളാണ് ജില്ലയിലുള്ളത്.
അതേസമയം ലോക്കല്‍ ട്രെയിനുകള്‍, ബസുകള്‍, മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ത്തിരക്കു കൂടിയതാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ കാരണമെന്നാണ് മഹാരാഷ്ട്രയില്‍ പര്യടനം നടത്തിയ കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍.
കോവിഡ് ബാധിതരെയും അവരുടെ കോണ്‍ടാക്റ്റുകളെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും അലംഭാവമുണ്ട്. ക്വാറന്റീന്‍ അടക്കമുള്ള നടപടികള്‍ കാര്യക്ഷമമല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അപകടകരമായ സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നും സംസ്ഥാനത്തു സന്ദര്‍ശനം നടത്തിയ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രസംഘം പറയുന്നു.
ഗ്രാമീണ മേഖലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പും പ്രചാരണവും വലിയതോതില്‍ ആളുകളുടെ സമ്പര്‍ക്കത്തിനും രോഗവ്യാപനത്തിനും കാരണമായി. അതിനു പിന്നാലെ, ഏതാനും പ്രഖ്യാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രിക്കാന്‍ അതു സഹായിക്കുമോ എന്നു കണ്ടറിയണം. മുംബൈ നഗരത്തില്‍ ഷോപ്പിങ് മാളുകളില്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രവേശന കവാടത്തില്‍ തന്നെ ആന്റിജന്‍ പരിശോധന നടത്താന്‍ സൗകര്യമൊരുക്കും. ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ചന്തകള്‍ തുടങ്ങി തിരക്കേറിയ കേന്ദ്രങ്ങളിലും റാപ്പിഡ് ആന്റിജന്‍ പരിശോധനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
മുന്നറിയിപ്പില്ലാതെ മുന്നില്‍ കാണുന്നവരെ പരിശോധിക്കുന്ന വിധമാണിത്. ഇത്തരത്തില്‍ നടത്തുന്നതിനാല്‍ രോഗലക്ഷണം ഉള്ളവരടക്കം ആളുകള്‍ നഗരത്തിലിറങ്ങുന്നത് കുറയുമെന്നാണു പ്രതീക്ഷ.
"
https://www.facebook.com/Malayalivartha


























