എക്സിറ്റ് പോളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്; നടപടി 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം

എക്സിറ്റ് പോളുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കി.1951ലെ ജനപ്രാതിനിധ്യ നിയമം 126 (1) (b) വകുപ്പ് പ്രകാരമാണ് നടപടി. 2021 മാര്‍ച്ച് 27 ശനി രാവിലെ 7 മുതല്‍ 2021 ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും, അവയുടെ ഫലം അച്ചടി-ഇലക്‌ട്രോണിക് മാദ്ധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളുടെയും, ഉപ തെരഞ്ഞെടുപ്പുകളുടെയും വിവിധ ഘട്ടങ്ങളിലായുള്ള വോട്ടിങ് സമയം അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറില്‍ പ്രവചന സര്‍വ്വേകളുടെ ഫലങ്ങള്‍ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്.
കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും, ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കുമാണ് വിലക്ക് ബാധകമാവുക.
https://www.facebook.com/Malayalivartha


























