ആഗ്രയില്‍ അതീവ വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു; ജനിതക വകഭേദം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ

ആഗ്രയില്‍ അതീവ വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഉത്ഭവം തിരിച്ചറിയാത്ത ജനിതക വകഭേദം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.പിയിലെ പ്രധാന നഗരങ്ങളിലൊന്നായ ആഗ്രയില്‍ വെള്ളിയാഴ്ച 14 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ നാല് പേര്‍ക്ക് ജനിതക വകഭേദം സംഭവിച്ച വൈറസാണ് ബാധിച്ചത്. മൂന്ന് പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് കണ്ടെത്തി. എന്നാല്‍, നാലാമത് വ്യക്തിയില്‍ കണ്ടെത്തിയ വൈറസിന്‍റെ ജനിതക വകഭേദം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത കാര്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (ഐ.സി.എം.ആര്‍) അറിയിച്ചിട്ടുണ്ട്.2020ല്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചൈനയില്‍ വുഹാനില്‍ കണ്ടെത്തിയ വൈറസാണ് ആഗ്രയിലും റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ കണ്ടെത്തിയ പുതിയ വകഭേദത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് ഉയരുകയാണ്. ഇന്നലെ 62,258 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇത് ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 1.19 കോടിയായി ഉയര്‍ന്നു.
https://www.facebook.com/Malayalivartha


























