ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് അപേക്ഷ തള്ളി; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് വിശദീകരണം

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് അപേക്ഷ തള്ളി. ട്വീറ്റിലൂടെ മുഫ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കാട്ടിയാണ് തന്‍റെ അപേക്ഷ തള്ളിയതെന്നും മുഫ്തി പറഞ്ഞു.
രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന സി.ഐ.ഡി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് പാസ്പോര്‍ട്ട് ഓഫിസ് തന്‍റെ അപേക്ഷ തള്ളിയത്. ഒരു മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് സ്വന്തമാക്കുന്നത് രാജ്യത്തിന് ഭീഷണിയാണത്രേ. ഇതാണ് ആഗസ്റ്റ് 2019 മുതല്‍ കശ്മീരില്‍ നിലനില്‍ക്കുന്ന സാഹചര്യമെന്നും മുഫ്തി ട്വീറ്റ് ചെയ്തു.
അപേക്ഷ തള്ളിയതായി കാണിച്ച് പാസ്പോര്‍ട്ട് ഓഫിസര്‍ നല്‍കിയ മറുപടിയും മുഫ്തി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മുഫ്തി പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇത് പൊലീസിന്‍റെ അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍, മുഫ്തിക്ക് പാസ്പോര്‍ട്ട് അനുവദിക്കേണ്ടെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്.
2019 ആഗസ്റ്റില്‍ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഒരു വര്‍ഷത്തിലേറെ മുഫ്തി തടങ്കലിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെ മോചിപ്പിച്ചത്. നിലവില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഫ്തിക്കെതിരെ കേസെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























