ശരദ് പവാറിന്റെ നീക്കം സുരക്ഷിതമായ ഇടത്തേക്കോ..? മഹാരാഷ്ട്ര സഖ്യ-സർക്കാരിന്റെ അന്ത്യം കുറിക്കാനുള്ള രഹസ്യ ചർച്ച.. വിവാദമായി ശരദ് പവാർ-അമിത് ഷാ കൂടിക്കാഴ്ച...

ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ തക്ക പ്രഹര ശേഷിയുള്ള ഒരു ബോംബിന് തിരി കൊളുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങൾ. സഖ്യസർക്കാരിന്റെ അടിത്തറ ഇളകുമോ എന്ന ചർച്ചയാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്.
മഹാരഷ്ട്രയിലെ ‘മഹാ വികാസ് അഘാഡി’ സർക്കാരിൽ രണ്ടാമത്തെ വലിയ കക്ഷിയുടെ തലവൻ ബിജെപിയുടെ ഉന്നത നേതാവുമായി നടത്തിയ രഹസ്യ ചർച്ച മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനുള്ള അന്ത്യമാകുമോ എന്നാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ഉറ്റു നോക്കിക്കോണ്ടിരിക്കുന്നത്.
ബിജെപി നേതൃത്വവുമായി അടുപ്പമുള്ള കോടീശ്വരന്റെ അഹമ്മദാബാദിലെ ഫാം ഹൗസിലാണ് ശരദ് പവാറും അമിത് ഷായും തമ്മിലുള്ള രഹസ്യ ചർച്ച നടന്നതെന്നും എൻസിപിയിലെ പ്രമുഖ നേതാവ് പ്രഫുൽ പട്ടേലും ഒപ്പമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി അഹമ്മദാബാദിലെ ഫാം ഹൗസിൽ രാത്രി 9.30ന് ഇരുനേതാക്കളും തമ്മിൽ രഹസ്യ ചർച്ച നടന്നുവെന്നു ഗുജറാത്ത് മാധ്യമത്തിൽ വന്ന വാർത്തയോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയ നേതൃത്വത്തെ പിടിച്ച് കുലുക്കിയത്.
എന്നാൽ, എൻസിപി ഇക്കാര്യം നിഷേധിച്ചപ്പോൾ, എല്ലാ കാര്യങ്ങളും മാധ്യമങ്ങളോടു പറയാനാകില്ലെന്ന അമിത് ഷായുടെ പ്രതികരണത്തോടെ ചർച്ച കൊടുമ്പിരി കൊണ്ടു. ശനിയാഴ്ച അഹമ്മദാബാദിലെ ഫാം ഹൗസിലാണ് കൂടിക്കാഴ്ച നടന്നതെന്നും മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ഒപ്പമുണ്ടായിരുന്നു എന്നുമുള്ള വാർത്തകളും പിന്നാലെ പുറത്തു വന്നു.
ഊഹാപോഹങ്ങൾ ഓരോ മുക്കിലും മൂലയിലും പരക്കുമ്പോൾ കൂടിക്കാഴ്ചയെ കുറിച്ചു തുറന്നു പറയാൻ ഇരുനേതാക്കളും തയാറായില്ല. അതിനിടെ, ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്ന വിവാദം ചൂടു പിടിുപ്പിക്കുകയും ചെയ്തു. മുതിർന്ന നേതാക്കളെ ആഭ്യന്തര വകുപ്പ് ഏൽപിക്കാനാണു പവാർ ആഗ്രഹിച്ചതെങ്കിലും ‘അപ്രതീക്ഷിതമായി പൊട്ടിമുളച്ച’ ആഭ്യന്തര മന്ത്രിയാണു ദേശ്മുഖ് എന്നായിരുന്നു സേനയുടെ പരാമർശം.
ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന കാര്യത്തിൽ ഏതാണ്ട് സ്ഥിരീകരണമായതോടെ വാർത്ത ആദ്യം നിഷേധിച്ച ശിവസേന രണ്ടു മുതിർന്ന നേതാക്കൾ കൂടിക്കാണുന്നതിൽ എന്താണു തെറ്റ് എന്ന മറു ചോദ്യം ഉയർത്തി വിഷയം ഒന്നു തണുപ്പിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന ഹൈ-പ്രൊഫൈൽ ഡിന്നർ തന്നെയാണ് അഹമ്മദാബാദിൽ നടന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മുകേഷ് അംബാനിയുടെ മുംബൈയിലെ ബംഗ്ലാവിനു മുന്നിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തുകയും വാഹന ഉടമയുടെ മൃതദേഹം കടലിൽ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് വൻ പ്രതിസന്ധിയിലാണ് മഹാരാഷ്ട്ര സർക്കാർ ഇപ്പോൾ. വാഹന ഉടമ മൻസുക് ഹിരണിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയും ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായുള്ള അടുത്ത ബന്ധം ആരോപിച്ച് മുൻ പൊലീസ് തലവൻ പരംബീർ സിങ്ങും രംഗത്തെത്തിയതോടെ പ്രതിസന്ധി കടുത്തിരിക്കുകയാണ്.
കേസ് എൻഐഎ ഏറ്റെടുത്തതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിൽ നേർക്കുനേർ പോരാട്ടമായി മാറുകയും ചെയ്തു. തുടർച്ചയായ വിവാദങ്ങൾ തലവേദനയായതോടെ സുരക്ഷിതമായ ഇടം തേടുകയാണ് പവാറെന്നും ബിജെപിയുമായി കൈകോർത്താൽ കേന്ദ്ര സർക്കാരിൽ പ്രാതിനിധ്യവും സംസ്ഥാനത്തെ ഭരണവും നിലനിർത്താമെന്നു പവാർ കണക്കു കൂട്ടുന്നതായി രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.
ശിവസേനയെയും കോൺഗ്രസിനെയും ഇടംവലം നിർത്തി വെല്ലുവിളികളെ നേരിടുന്നതിലും എളുപ്പമാകും ബിജെപിയുമായുള്ള കൂട്ടു കെട്ട് എന്ന യാഥാർഥ്യ ബോധ്യമാണ് പവാറിനെ നയിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























