നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു; കാലങ്ങളായി പ്രവർത്തന രഹിതമായി അവശേഷിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ പട്ടികയിൽ പുതുച്ചേരിക്ക് പ്രത്യേക സ്ഥാനമാണുള്ളത്; മുതിർന്ന് കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

മുതിർന്ന് കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന വി നാരായണ സ്വാമിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വൻദുരന്തമായിരുന്നു എന്നാണ് മോദി വിമർശിച്ചത്. എൻഡിഎ ഇലക്ഷൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇപ്രകാരം പറഞ്ഞത്.
പശ്ചിമബംഗാൾ, ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ എൻഡിഎയ്ക്ക് വൻ വിജയ തരംഗമാണ് കാണാൻ സാധിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ഏപ്രിൽ ആറിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ്. കാലങ്ങളായി പ്രവർത്തന രഹിതമായി അവശേഷിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ പട്ടികയിൽ പുതുച്ചേരി പ്രത്യേക സ്ഥാനമാണുള്ളതെന്നും മോദി വിമർശിച്ചു.
വിദ്യാഭ്യാസം, പിന്നാക്കവിഭാഗത്തിലുള്ളവരുടെ ക്ഷേമം എന്നീ മേഖലകളിൽ പുതുച്ചേരി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരവധി തെരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുണ്ടെന്നും എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വളരെ പ്രത്യേകതയുള്ളതാണെന്നും മോദി പറഞ്ഞു.
നാരായണ സ്വാമി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന കാര്യവും മോദി ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രിയുടെ കുടുബവുമായി നേരിട്ട് ബന്ധമുള്ള അഴിമതിയെക്കുറിച്ച് കോൺഗ്രസ് എംഎൽഎമാർ പരസ്യമായി പറയുന്നുണ്ടെന്നും മോദി ആരോപിച്ചു.
അദ്ദേഹം കേരളത്തിലും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇടതു, വലതു മുന്നണികൾക്കു നേരെ ആരോപണങ്ങൾ ശക്തമായി ഉയർത്തിയിരുന്നു . ശബരിമല വിഷയവും ചർച്ചയാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും ആക്രമിച്ചവരാണ് എൽ.ഡി.എഫ്. ശബരിമല പ്രക്ഷോഭത്തിൽ വിശ്വാസികൾക്കു നേരെ നടന്ന അതിക്രമങ്ങൾ മറക്കരുത്.
ആചാര സംരക്ഷണത്തിനായി പോരാടിയതിനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിലായത്. വിശ്വാസികൾക്കെതിരെ അക്രമം നടത്തുമ്പോൾ വാപൊത്തി കൈയുംകെട്ടി നിന്നവരാണ് യു.ഡി.എഫ്. നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ നിശബ്ദമാക്കാനാകില്ല.
തങ്ങൾ കൈയുംകെട്ടി നിൽക്കുമെന്ന് വിചാരിക്കേണ്ടെന്നും മോദി പറയുകയുണ്ടായി. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തുടരുന്നത് സൗഹൃദ മത്സരമാണെന്നും അഞ്ചു വർഷം കൂടുമ്പോൾ സംസ്ഥാനം കൊള്ളയടിക്കാനുള്ള ഒത്തുകളിയാണ് ഇവരുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























