കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ യു പിയിൽ വെച്ച് ആക്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

യു പി യിൽ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടുന്നത്. യു പിയിലെ ഝാന്‍സിയിൽ മാര്‍ച്ച് 19 ന് ഡല്‍ഹി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കേസിലെ ബാക്കി പ്രതികൾക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഝാന്‍സി ജിആര്‍പി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് ആന്ദ്ര വാംസി വ്യക്തമാക്കി.
"ക്രമസമാധാന ലംഘനത്തിനുള്ള സിആര്‍പിസി വകുപ്പ് പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്," മജിസ്ട്രേറ്റ് പറയുകയും ചെയ്തു.
കന്യാസ്ത്രീകൾക്ക്നേരെ അതിക്രമം നടന്നിട്ടും ഇതിൽ നടപടി എടുക്കാത്തതിൽ പ്രതിക്ഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തും അയച്ചു.
എത്രയും പെട്ടെന്ന് സംഭവത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഷാ നൽകിയിരുന്ന വാഗ്ദാനം. എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുമുള്ള അക്രമവും നടന്നിട്ടില്ല എന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ പറയുന്നത്.
ഝാന്‍സി സ്റ്റേഷനില്‍ വെച്ച് സേക്രഡ് ഹാര്‍ട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീമാര്‍ക്ക് നേരെ ആയിരുന്നു കൈയേറ്റം. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയായിരുന്നു.
നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം ധരിച്ചിരുന്നു. മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ അധിക്ഷേപിച്ചത്.
ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ചിട്ടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി. സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനായിരുന്നു രണ്ടുപേർ കൂടെ പോയത്.
ഇവർ ജന്മനാ ക്രിസ്ത്യാനികൾ ആണെന്ന് പറഞ്ഞിട്ടും ആക്രമിക്കുകയായിരുന്നു. മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കുവാനുള്ള ശ്രമവും നടത്തിയിരുന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് ഒരു സംഘം കൂകി വിളിച്ച് ഒപ്പം നടക്കുകയും ചെയ്തു. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കസ്റ്റഡിയിലെടുത്ത കന്യാസ്ത്രീകളെ രാത്രി 11.30 ഓടെ വിട്ടയക്കുന്നത്.
https://www.facebook.com/Malayalivartha


























