ലവ് ജിഹാദ് നിയമം പാസ്സാക്കി ഗുജറാത്ത് നിയമസഭ; വിവാഹത്തിനായി മതംമാറിയാല്‍ 10 വര്‍ഷം തടവും 5 ലക്ഷം പിഴയും

വിവാഹം കഴിക്കാനായി നിർബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നവർക്ക് 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായി പ്രഖ്യാപിക്കുന്ന ബില്ലിന് ഗുജറാത്ത് നിയമസഭ അംഗീകാരം കൊടുത്തു.
2003ലെ 'ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റം തടയല്‍ നിയമ'ത്തില്‍ ഭേദഗതി വരുത്തിയാണ് ബി.ജെ.പി സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൂടാതെ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും ലഭിക്കും. വിവാഹം അസാധുവാക്കുവാനും സാധ്യതയുണ്ട്.
ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാന്‍ അന്താരാഷ്ട്ര സഹായം ലഭിക്കുന്നുണ്ടെന്നും അതു തടയാനാണ് നിയമമെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ വ്യക്തമാക്കി. നിയമ നിര്‍മാണത്തിന് പിറകില്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
മുസ്ലിം പെണ്‍കുട്ടികളും ഹിന്ദു യുവാക്കളും വിവാഹിതരായ ഡസനിലധികം വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ സഭയില്‍ വെച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് എം.എല്‍.എ ജിയാസുദ്ദീന്‍ ശൈഖിന്‍റെ പ്രതിരോധം. വിവാഹങ്ങള്‍ക്ക് പിറകില്‍ മതപരമായ താല്‍പര്യം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ മതപരിവര്‍ത്തനം നടത്താനായി പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് തടയാനാണ് മതസ്വാതന്ത്ര്യ (ഭേദഗതി) ബില്‍ 2021 കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ബില്ലിനെ എതിർത്തായിരുന്നു വോട്ട് ചെയ്തത്.
https://www.facebook.com/Malayalivartha


























