കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ രാത്രികാല കര്‍ഫ്യു കര്‍ശനമാക്കി

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ രാത്രികാല കര്‍ഫ്യു കര്‍ശനമായി നടപ്പിലാക്കുന്നു. ശനിയാഴ്ച മുതല്‍ വൈകുന്നേരം ആറ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയാണ് കര്‍ഫ്യു. ഒരാഴ്ചത്തേക്ക് കര്‍ഫ്യു നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, ഷോപ്പിംഗ് മാള്‍, തീയറ്ററുകള്‍ തുടങ്ങി ജനങ്ങള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അടച്ചിടും. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഹോം ഡെലിവറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളിലൊന്നാണ് പൂനെ. വ്യാഴാഴ്ച 8,000ത്തിനു മുകളില്‍ കോവിഡ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം മഹാരാഷ്ട്രയില്‍ വ്യാഴാഴ്ചയും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 43,183 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 32,641 പേര്‍ രോഗമുക്തി നേടി. 249 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 54,898 ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3.66 ലക്ഷം പിന്നിട്ടു.
കോവിഡ് വ്യാപനത്തെ നേരിടാനുള്ള കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും ഇത് പ്രഖ്യാപിക്കുക.
പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ട എന്നാണ് എല്ലാ തലങ്ങളിലുംനിന്നുള്ള നിര്‍ദേശം. എന്നാല്‍, ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് പൊതുവായ അഭിപ്രായം.
"
https://www.facebook.com/Malayalivartha



























