ഡല്‍ഹിയിലെ ഒരു പി. ആര്‍. കമ്പനി മുഖ്യമന്ത്രി പിണറായി വിജയന് ചാര്‍ത്തി നല്‍കിയതായി പ്രതിപക്ഷം ആരോപിക്കുന്ന ക്യാപ്റ്റന്‍ വിളി കേരളത്തില്‍ പിണറായിയുടെ യുഗം അവസാനിപ്പിക്കുമോ എന്ന ആശങ്കയില്‍ സി പി എം....

ഡല്‍ഹിയിലെ ഒരു പി. ആര്‍. കമ്പനി മുഖ്യമന്ത്രി പിണറായി വിജയന് ചാര്‍ത്തി നല്‍കിയതായി പ്രതിപക്ഷം ആരോപിക്കുന്ന ക്യാപ്റ്റന്‍ വിളി കേരളത്തില്‍ പിണറായിയുടെ യുഗം അവസാനിപ്പിക്കുമോ എന്ന ആശങ്കയില്‍ സി പി എം.
ക്യാപ്റ്റന്‍ വിളിയുടെ പേരില്‍ പി.ജയരാജന്‍ ആര്‍മി എന്ന പി.ജെ. ആര്‍മി മുഖ്യമന്ത്രി പിണറായി വിജയന പഞ്ഞിക്കിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.
സി പി ഐക്ക് പരിഗണന കിട്ടാത്തതിന്റെ പേരില്‍ കലിച്ചുനില്‍ക്കുന്ന കാനം രാജേന്ദ്രന്‍, മക്കളെ കൊണ്ട് നിരാശനായി മാറിയ കോടിയേരി ബാലക്യഷ്ണന്‍, സീറ്റ് കിട്ടാത്ത തോമസ് ഐസക്ക്, ഇ.പി. ജയരാജന്‍,ജി. സുധാകരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തന്നെ വെട്ടിലാക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെല്ലാം ക്യാപ്റ്റന്‍ വിളിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കഴിഞ്ഞു. ക്യാപ്റ്റന്‍ കേരളത്തെ മുക്കും എന്ന് വരെ സി പി എമ്മിലെ ചില നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന എം എ ബേബിക്ക് വരെ ഇതേ അഭിപ്രായമാണുള്ളത്.
മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ തര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്ന സാഹചര്യത്തില്‍ പരോക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് പി. ജയരാജന്‍ രംഗത്തെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്നും വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്ന് പി.ജെ. വെറുതെ പറഞ്ഞതല്ല. അതില്‍ ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.വലതുപക്ഷം മുഖ്യമന്ത്രിയെ വഴി തെറ്റിക്കും എന്ന ആരോപണത്തിലും ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.
കമ്യൂണിസ്റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്ഥരാണെന്ന് പി.ജെ. പറയുന്നതും തന്നെ ഉദ്ദേശിച്ച് തന്നെയാണ് . ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല- പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ പാട്ട് ചെയ്താണ് ചിലര്‍ ജയരാജനോട് ഇഷ്ടം പ്രകടിപ്പിച്ചത്.
സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ 'എല്ലാവരും സഖാക്ക'ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. കോടിയേരിയെ സഖാവെന്ന് അഭിസംബോധന ചെയ്തതിലും ഒളിയമ്പുണ്ട്.
മുമ്പ് പി. ജയരാജനെ പുകഴ്ത്തിക്കൊണ്ട് പുറത്തിറങ്ങിയ പാട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണൂരിന്‍ താരകമല്ലോ എന്ന് തുടങ്ങുന്ന പാട്ടിനെതിരെ സിപിഎം നേതൃത്വം രംഗത്തെത്തുകയും ജയരാജനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ സമാനമായ രീതിയില്‍ വ്യക്തിപൂജ വിവാദം മുഖ്യമന്ത്രിക്കെതിരേ ഉയരുന്ന സാഹചര്യത്തിലാണ് പരോക്ഷമായ വിമര്‍ശനമായി ജയരാജന്‍ ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്. തന്നെ താക്കീത് ചെയ്തതു പോലെ പിണറായിയെയും താക്കീത് ചെയ്യണമെന്ന ആന്തരികാര്‍ത്ഥത്തിലാണ് പി. ജയരാജന്‍ സംസാരിക്കുന്നത്.
'ക്യാപ്റ്റന്‍' എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. അതില്‍ അദ്ദേഹം സന്തോഷിക്കുന്നു എന്ന മട്ടിലാണ് സംസാരിക്കുന്നത്. ജനങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കും. 'ക്യാപ്റ്റന്‍' വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.തന്നെ ക്യാപ്റ്റനെന്ന് വിളിച്ചത് ഡല്‍ഹിയിലെ പി. ആര്‍. കമ്പനിയാണെന്ന് പിണറായിക്കറിയാം. അതിന് അദ്ദേഹത്തിന്റെ അനുവാദമുണ്ടെന്നും പ്രതിപക്ഷം പറയുന്നു.
മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരി ഇങ്ങനെ പറഞ്ഞത്.
കാനം രാജേന്ദ്രന്‍ കുറച്ചു കൂടി രൂക്ഷമായാണ് പ്രതികരിച്ചത്. പിണറായി തനിക്ക് ക്യാപ്റ്റനല്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. കാനത്തിന്റെ പ്രതികരണം ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ പ്രതികരണമായി കേരളം കരുതുന്നു.ഏതായാലും ക്യാപ്റ്റന്‍ കപ്പല്‍ മുക്കും എന്ന വിശ്വാസത്തിലാണ് കമ്യൂണിസ്റ്റുകാര്‍.
https://www.facebook.com/Malayalivartha



























