100 കോടി ടാർഗറ്റിൽ താളം തെറ്റി മഹാരാഷ്ട്ര മന്ത്രിസഭ... ഹൈക്കോടതി ഉത്തരവിന് പിന്നാലെ ആഭ്യന്തരമന്ത്രി രാജിവച്ചു...

മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പുതിയ വിവാദം വഴിത്തിരിവിലേക്ക് കടക്കുന്നു. അംബാനി കേസിനെ തുടര്‍ന്ന് സേനയിൽ നിന്ന് പുറത്താക്കിയ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിങ്ങാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ വന്‍ അഴിമതിയാരോപണം ഉന്നയിച്ചത്. തുടർന്ന് അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഇപ്പോൾ രാജിവെച്ചതായാണ് ലഭിക്കുന്ന വിവരം.
തനിക്കെതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അനിൽ ദേശ്‌മുഖ് രാജി സമർപ്പിച്ചത്. ധാര്‍മികതയുടെ പേരില്‍ രാജിവെക്കുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകിയിരിക്കണം. തുടർ നടപടികൾ അതിനു ശേഷം എടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമായ ദീപാങ്കര്‍ ദത്ത, ജിഎസ് കുല്‍ക്കര്‍ണി എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രിയായതിനാല്‍ പൊലീസ് അന്വേഷണം ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനത്തിലും സ്ഥലംമാറ്റത്തിലും മന്ത്രി കൈക്കൂലി വാങ്ങിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം തുടര്‍ അന്വേഷണം ആവശ്യമാണെങ്കില്‍ സിബിഐക്ക് മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചു.
മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടെന്ന് പൊലീസ് തലവൻ പരംബീര്‍ സിങ് ആരോപിച്ചിരുന്നു. പൊലീസ് നടപടികളില്‍ മന്ത്രി അന്യായമായി ഇടപെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍, ആരോപണം പൂർണമായി നിഷേധിച്ച് മന്ത്രി രംഗത്തെത്തുകയാണ് ഉണ്ടായത്. പരംബീര്‍ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ഈ അവസരത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീര്‍ സിങ് വെളിപ്പെടുത്തി.
റസ്റ്ററന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ മന്ത്രി സച്ചിന്‍ വസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി സന്ദര്‍ഭങ്ങളില്‍ കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ എന്‍സിപി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ബോംബെ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നൽകി ഹർജിയിലാണ് നടപടിയുണ്ടായത്. ഇതിന് പിന്നാലെയാണ് ധാര്‍മ്മികത ഉയര്‍ത്തി മന്ത്രി സ്ഥാനത്ത് നിന്ന് ദേശ്‌മുഖ് രാജിവെച്ചത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്.
ആരോപണം ഉയര്‍ന്ന് ദിവസങ്ങളായിട്ടും ഇദ്ദേഹം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. മന്ത്രി രാജിവെക്കണമെന്ന ആവശ്യം മുന്നണിക്കകത്ത് ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ മുന്നണിയുടെ നിലനിൽപ്പിനെ കരുതിയാണ് രാജിക്കാര്യത്തിൽ ഉറച്ച് നിൽക്കാതിരുന്നത്.
അതേസമയം, ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടണമെന്നും പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. അംബാനി കേസില്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിന് പിന്നില്‍ മുംബൈ പൊലീസാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് മുംബൈ പൊലീസ് മേധാവിയായിരുന്ന പരംബീര്‍ സിങ്ങിനെ ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha



























