കാണാനില്ലാത്ത ജവാൻ മാവോവാദികളുടെ തടവിലെന്ന് സംശയം? ജാഗ്രതയോടെ രാജ്യം ഉറ്റുനോക്കുന്നത് എങ്ങോട്ട്..!

ശനിയാഴ്ച ഛത്തീസ്ഗഢില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സിആർപിഎഫ് ജവാൻ നക്സലുകളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ഛത്തീസ്ഗഢിലെ രണ്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇതുസംബന്ധിച്ച അജ്ഞാത സന്ദേശം ലഭിച്ചത്. പ്രദേശത്തെ മാധ്യമ പ്രവർത്തകരെ ഫോണിൽ വിളിച്ചാണ് ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിൽ ഉണ്ടെന്നും ഇതുവരെ കുഴപ്പങ്ങളൊന്നുമില്ലെന്നും അറിയിച്ചത്.
ഭർത്താവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കാണാതായ ജവാന്റെ ഭാര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർഥിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് ഭര്‍ത്താവുമായി അവസാനം സംസാരിച്ചത്.
ഓപ്പറേഷന്‍ ഡ്യൂട്ടിക്ക് പോവുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്ഥാനിൽ നിന്ന് അഭിനന്ദൻ വർധ്‌മാനെ തിരികെ എത്തിച്ച പോലെ ഭർത്താവിനെയും തിരികെ എത്തിക്കണമെന്ന് ജവാന്റെ ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു.
കൊടും ക്രിമിനലുകൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ മേഖലയിൽ ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ നടത്താനെത്തിയത്. തിരികെ പോരുമ്പോഴായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. 400ൽ പരം മാവോയിസ്റ്റുകൾ മൂന്നു വശവും വളഞ്ഞാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ 22 ജവാന്മാർ ഇതുവരെ വീരമൃത്യു വരിച്ചു. ശേഷം, സംഭവത്തിൽ ഒരാളെ കാണാതായിരുന്നു.
വിളിച്ചയാൾ ആരാണെന്നു വ്യക്തമാക്കിയില്ലെന്നും ജവാനെ രണ്ടു – മൂന്നു ദിവസത്തിനുള്ളിൽ വിട്ടയയ്ക്കുമെന്നും ഫോൺ വിളി ലഭിച്ച മാധ്യമപ്രവർത്തകരിൽ ഒരാളായ ഗണേഷ് മിശ്ര വെളിപ്പെടുത്തി. ബിജാപുരിലെ പ്രസ് ക്ലബ് പ്രസിഡന്റ് കൂടിയാണ് ഗണേഷ്. നവ്ഭാരത് മാധ്യമത്തിന്റെ സുക്മ ലേഖകൻ രാജ് സിങ് റാത്തോഡ് പറഞ്ഞത് തന്നെ വിളിച്ചയാൾ പരിചയപ്പെടുത്തിയത് കൊടും കുറ്റവാളിയായ ഹിദ്മ എന്നയാളാണ് എന്നാണ്.
മാവോവാദി നേതാവ് ഹിദ്മയാണെന്ന് അവകാശപ്പെട്ടയാള്‍ സംസാരിച്ചതെന്ന് രാജാസിങ് പറഞ്ഞു. 'കാണാതായ ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അയാള്‍ പറഞ്ഞു. ജവാന്റെ ആരോഗ്യ നിലയെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സുരക്ഷിതനാണെന്നായിരുന്നു മറുപടി. ഹിദ്മയെന്ന് അവകാശപ്പെട്ട് വിളിച്ചയാള്‍ ജവാന്റെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഉടന്‍ പങ്കുവെയ്ക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും രാജാസിങ് വിശദീകരിച്ചു.
ജവാൻ മാവോയിസ്റ്റുകളുടെ കസ്റ്റഡിയിൽ ആയിരിക്കാനുള്ള സാധ്യയുണ്ടെന്ന് ബിജാപുർ എസ്പി കാംലോചൻ കശ്യപ് പറഞ്ഞു. സംഭവത്തിനു ശേഷം ഇയാൾക്കായി ആ പ്രദേശത്ത് 5–6 കിലോമീറ്റർ ചുറ്റളവിൽ മുഴുവൻ സുരക്ഷാ സേന പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. ഫോൺ വിളിയുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, മാവോയിസ്റ്റ് ആക്രമണത്തില്‍ സിആർപിഎഫ് ജവാന്മാർ വീരമൃത്യു മരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഢില്‍ സന്ദര്‍ശനം നടത്തി. രാജ്യത്ത് നിന്ന് മാവോയിസ്റ്റ് ഭീഷണി തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഉന്നതതല യോഗത്തിലും അമിത് ഷാ പങ്കെടുത്തു.
അമിത് ഷായ്ക്ക് പുറമെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കേന്ദ്ര സംസ്ഥാന സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതിക ശരീരം സൂക്ഷിച്ച ജഗ്ദല്‍പുരിലെത്തി അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊല്ലപ്പെട്ട ജവാന്‍മാരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. നക്‌സലുകള്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനുള്ള പോരാട്ടം തുടരുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha



























