ഐഎസ്ആർഒ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും; ഒരു കാരണവശാലും ജയിൻ സമിതി റിപ്പോർട്ട് പരസ്യമാക്കരുതെന്ന് സുപ്രീംകോടതി

ഐ എസ് ആർ ഒ ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കും. ജയിൻ സമിതി റിപ്പോർട്ടിന്റെ പകർപ്പ് സി ബി ഐയ്‌ക്ക് കൈമാറണമെന്നും ഇത് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി നിരസിച്ചു. ഒരു കാരണവശാലും ജയിൻ സമിതി റിപ്പോർട്ട് പരസ്യമാക്കരുതെന്നും റിപ്പോർട്ട് സീൽ ചെയ്‌ത കവറിൽ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
രണ്ടര വർഷം നീണ്ട സിറ്റിങുകൾക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിൻ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ ഉള്ളടക്കം സുപ്രിംകോടതി ഇന്ന് പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോർട്ട് പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെ ഹാജരായേക്കും.
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ദേശീയ പ്രാധാന്യമുള്ള കേസാണെന്ന് മുൻകൂറായി തന്നെ സോളിസിറ്റർ
ജനറൽ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുൻപ് പല ഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ. കോടതി ചോദിച്ചാൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചേക്കും.
അതേസമയം, കേസിൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് നൽകരുതെന്നും സിബി മാത്യൂസ് ആവശ്യപ്പെട്ടു.
റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുളളതല്ലെന്നും സി ബി ഐക്ക് റിപ്പോർട്ട് നൽകരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി ഈ ആവശ്യം തളളി.
റിപ്പോർട്ടിൽ ഉചിതമായ നടപടി വേണ്ടി വരുമെന്ന് ജസ്റ്റിസ് ഖാൻവീൽക്കർ പറഞ്ഞു. സി ബി ഐ ഡറക്‌ടർക്കോ, സി ബി ഐ ആക്‌ടിംഗ് ഡയറക്‌ടർക്കോ റിപ്പോർട്ട് കൈമാറാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകരുത്. അടുത്ത മൂന്ന് മാസത്തിനകം സി ബി ഐ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha



























