പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ രശ്മി സിംഗാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി ജസ്റ്റിസ് അശോക് ഭൂഷണ്‍ ആര്‍. സുഭാഷ് റെഡി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
നിരവധി വിദഗ്ദ്ധരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുളളവരും കൊവിഡ് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് ഇന്ത്യ പ്രതിദിനം കുറഞ്ഞത് 10 ദശലക്ഷം ഡോസുകള്‍ നല്‍കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പട്ടതായും പരാമര്‍ശമുണ്ട്.
18 മുതല്‍ 45 വയസുവരെ പ്രായമുളളവര്‍ക്ക് വാക്സിനേഷന്‍ നിഷേധിക്കുന്നത് ഏകപക്ഷീയവും വിവേചനപരവും യുക്തിരഹിതവുമാണ്. ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ജീവിക്കാനും ആരോഗ്യത്തിനും ഉളള അവകാശം ലംഘിക്കുന്നതിന് ഇടയാക്കുമെന്നും ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനത്തിന് കാരണമാകുമെന്നും വാദമുണ്ട്.
18 വയസിനും അതില്‍ക്കൂടുതലും പ്രായമുളളവര്‍ക്ക് കൊവിഡ് വാക്സിന്‍ വൈറസ് വ്യാപനം തടയുന്നതിന് സഹായകരമാകും. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഭൂരിഭാഗവും കൂടുതല്‍ പേരുമായി ഇടപഴകുന്നവരും ഈ പ്രായത്തിലുളളവരാണ്. അതിനാല്‍ ഈ വിഭാഗത്തിലുളളവര്‍ വഴി കൊവിഡ് വ്യാപിക്കാന്‍ സാദ്ധ്യതയേറെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഘട്ടമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. കൊവിഡ് മുന്നണി പോരാളികള്‍ ഒഴികെയുളള പൊതുജനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നുമുതലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളിലുളളവര്‍ക്കായി പരിമിതപ്പെടുത്തിയിരുന്നു. 45 വയസിനു മുകളിലുളളവര്‍ക്കുളള വാക്സിനേഷന്‍ ഏപ്രില്‍ ഒന്നുമുതലാണ് രാജ്യത്ത് ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























