കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ധന മൂന്നു ലക്ഷത്തിലേക്ക് കുതിച്ചതോടെ പ്രാണവായു കിട്ടാനില്ലാതെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പെടെ ദിവസം പതിനായിരം പേര്‍വരെ മരിച്ചുവീണേക്കാമെന്ന ഭയാനകനിലയില്‍ രാജ്യം?

കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ധന മൂന്നു ലക്ഷത്തിലേക്ക് കുതിച്ചതോടെ പ്രാണവായു കിട്ടാനില്ലാതെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പെടെ ദിവസം പതിനായിരം പേര്‍വരെ മരിച്ചുവീണേക്കാമെന്ന ഭയാനകനിലയിലാണ് രാജ്യം.
ഇന്ത്യ നേരിടുന്ന അത്യാസന്ന സാഹചര്യത്തില്‍ ജര്‍മനി ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഓക്സിജനുമായി അടിയന്തിര വിമാനങ്ങള്‍ അയച്ചു കൊണ്ടിരിക്കുന്നു.
ജപ്പാനും ഇസ്രായേലും കൊറിയയും റഷ്യയും ഉള്‍പ്പെടെ പത്തിലേറെ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കി കോവിഡില്‍ ശ്വാസമില്ലാതെ പിടയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തയാറായിരിക്കുന്നു.
കോവിഡ് വ്യാപനത്തില്‍ പ്രാണവായു കിട്ടാനില്ലാതെ ഇന്ന് ലോകത്തില്‍ ഏറ്റവുമധികം നിലവിളി ഉയരുന്ന രാജ്യമായിരിക്കുന്നു ഇന്ത്യ. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കു മുന്നില്‍ ബന്ധുക്കളുടെ കൂട്ടനിലവിളി ഉയര്‍കൊണ്ടിരിക്കെ ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി പറന്നുവരികയാണ്.
ലോകമാധ്യമങ്ങളില്‍ നിറയെ ഇന്ത്യ നേരിടുന്ന കോവിഡിന്റെ ഭയാനകതയും ഇവിടത്തെ കൂട്ടമരണവും ഓക്സിജന്‍ ക്ഷാമവും പ്രധാന വാര്‍ത്തയായിരിക്കുന്നു.
ഒരു മാസത്തിനുള്ളില്‍ അമേരിക്കയെ പിന്‍തള്ളി ലോകത്തില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കിയിരിക്കുന്നു.
പ്രതിദിന രോഗനിരക്കിലും മരണനിരക്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയതോടെ ഇന്ത്യയുടെ കോവിഡ് നിരക്കാണ് ലോകമാധ്യമങ്ങളുടെ തലക്കെട്ട് വാര്‍ത്ത. ഡല്‍ഹിയിലെയും മുംബൈയിലെയും അണയാത്ത ചിതകളുടെ ഭയാനക ദൃശ്യങ്ങള്‍ ലോകരാജ്യങ്ങളുടെ കണ്ണുനിറയ്ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് ഓക്സിജനുമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍
ഇവിടേക്ക് പറന്നുകൊണ്ടിരിക്കുന്നത്.
ദിവസം 7250 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. കോവിഡിനു മുന്‍പ് 700 ടണ്‍ ഓക്സിജന്‍മാത്രമായിരുന്നു ഇന്ത്യയുടെ പ്രതിദിന ആവശ്യമെങ്കിലും കോവിഡിന്റെ അതിപ്രസരം വന്നതോടെ എണ്ണായിരം മെട്രിക് ടണ്‍വരെ ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നു.
പരമാവധി ശേഷിയില്‍ ഓക്സിജന്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്നെങ്കിലും അത് അത്യാവശ്യം വരുന്ന സംസ്ഥാനങ്ങളിലും സ്ഥലങ്ങളിലും അടിയന്തിരമായി എത്തിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഇന്ത്യ ഇന്നുനേരിടുന്ന പരിമിതി. ഓക്സിജന്‍ സ്പെഷല്‍ ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് നടത്തുമ്പോഴും ഓക്സിജന്‍ ലഭിക്കാതെ ആയിരങ്ങള്‍ ആശുപത്രികളില്‍ മരിച്ചുവീണുകൊണ്ടിരിക്കുന്നു.
ഓക്സിജന്‍ സിലിണ്ടര്‍ സ്വന്തമായുള്ളവരെ മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ദയനീയമായ സാഹചര്യം. ഓക്സിജന്‍ ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ അന്‍പതോളം ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് അറിയിപ്പുനല്‍കേണ്ടിവന്ന ഭയാനകമായ സ്ഥിതിവിശേഷം. ഓക്സിജന്‍ വേണ്ടിടത്തോളം ഉത്പാദിപ്പിക്കുന്ന പല സംസ്ഥാനങ്ങളും അതാത് സംസ്ഥാനങ്ങളില്‍ ആവശ്യകത കൂടിയതോടെ മറ്റിടങ്ങളിലേക്ക് സിലിണ്ടറുകള്‍ നല്‍കുന്നത് നിറുത്തിവെച്ചു.
രാജ്യത്തെ സ്ഥിതിവിശേഷം അതിഭയാനകമായ സ്ഥിതിയിലെത്തിയതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സംഗ് മൂന്നു സൈനിക വിഭാഗങ്ങളുടെയും മേധാവിമാരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടിയിരിക്കുന്നു. വേണ്ടിവന്നാല്‍ രാജ്യത്തെ കോവിഡ് ചികിത്സ നടപടികള്‍ സൈന്യത്തെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങളാണ് ആലോചനയിലുള്ളത്.
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒറിസ,ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാന്റുകളുണ്ടെങ്കിലും അതിവേഗത്തിലുള്ള വിതരണത്തിന് സാഹചര്യങ്ങളില്ല. ഓക്സിജന്‍ വിതരണം ഇത്തരത്തില്‍ സൈന്യത്തെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങളും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
ഇന്ത്യന്‍ വ്യോമസേന 23 ഓക്സിജന്‍ പ്ലാന്റുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വെ ഓക്സിജന്‍ വിതരണത്തിന് മാത്രമായി പ്രത്യേക ട്രെയിനുകള്‍ ഓടിച്ചുവരികയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് കോവിഡില്‍ പിടയുന്ന മേഖല എന്നതിനാല്‍ സര്‍ക്കാരിന് എത്തും പിടിയും കിട്ടാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























