മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷം... കഴിഞ്ഞ 24 മണിക്കൂറിനിടെ 67,160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 67,160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 42,28,836 ആയി. 676 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 63928 ആയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ നിലവില്‍ 6,94,480 സജീവ കേസുകളാണുള്ളത്. 63,818 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 34,68,610 ആയി.
അതേസമയം മുംബൈയില്‍ 5,888 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 71 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 8,549 പേര്‍ ഇന്ന് രോഗമുക്തി നേടി.
കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി . കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 30,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 208 പേര്‍ മരിച്ചു. കര്‍ണാടകയിലെ വിവിധ ആശുപത്രികളിലായി 2.3 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ബംഗളൂരുവിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. 17,000 പുതിയ കേസുകളാണ് ഇവിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ബംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷമായി ഉയര്‍ന്നു.
സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്ന് കോവിഡ് ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 14,842 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9,142 പേര്‍ രോഗമുക്തി നേടി. 80 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് നിലവില്‍ 1,00,668 സജീവ കേസുകളാണുള്ളത്.
കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പാല്‍, പത്രം, കുടിവെള്ളം എന്നിവയെ ഒഴിവാക്കി. ആശുപത്രിയിലേക്ക് പോകേണ്ടവര്‍ക്കു മാത്രം പുറത്തിറങ്ങാം.
നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. അതിര്‍ത്തികളിലും ഇടറോഡുകളിലും പൊലീസിന്റെ കര്‍ശന പരിശോധനയുണ്ടാകും.
https://www.facebook.com/Malayalivartha


























