മൃതദേഹങ്ങള്‍ കുമിയുന്നു... ഓരോ മണിക്കൂറിലും മരിക്കുന്നത് 12 പേർ.... ശ്‌മശാനം അടച്ചിട്ട് ശ്വാസമടക്കി പിടിച്ച് ദില്ലി...

കോവിഡ് മഹാമാരി സംഹാര താണ്ഡവമാടുന്ന രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേരെന്ന് കണക്കുകൾ പുറത്ത് വിട്ടു. ശ്വാസംമുട്ടലിനു പിന്നാലെ ഞെഞ്ചിടിപ്പ് കൂടി വർധിപ്പിക്കുന്ന വാർത്തയാണ് ഇത്തരത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിൽ ഇപ്പോഴും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും കേൾക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ അതായത് ഏപ്രില്‍ 19-24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.
ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഏപ്രില്‍ 12- 17 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡല്‍ഹിയില്‍ 677 പേര്‍ മരണപ്പെടുകയുണ്ടായി.
എന്നു വച്ചാൽ ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങള്‍.
വെള്ളിയാഴ്‌ച മാത്രം 348 പേരാണ് കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌ത ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക് കൂടിയാണിത്.
സംസ്‌കാരങ്ങളുടെ ബാഹുല്യത്തേ തുടര്‍ന്ന് ജനങ്ങള്‍ തടിച്ചു കൂടിയതിനാല്‍ ദക്ഷിണ ഡല്‍ഹിയിലെ സുഭാഷ് നഗര്‍ ശ്‌മശാനം കോര്‍പറേഷന്‍ അധികൃതര്‍ക്ക് അടച്ചിടേണ്ടി വന്നു. ഏതാനും ദിവസങ്ങളായി ഇരുപതിനായിരത്തിനു മുകളില്‍ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓക്‌സിജന്‍ പ്രതിസന്ധി നിയന്ത്രണാതീതമായതോടെ അങ്ങേയറ്റം അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ഓക്‌സിജന്‍ സിലിണ്ടറുകളുടേയും ദ്രവ മെഡിക്കല്‍ ഓക്‌സിജന്റേയും കരുതല്‍ ശേഖരം സൃഷ്‌ടിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മിച്ചമുള്ള ഓക്‌സിജന്‍ ഡല്‍ഹിക്ക് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എല്ലാ സംസ്‌ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിസന്ധിയുടെ രൂക്ഷത കാരണം അതൊന്നും പര്യാപ്‌തമല്ല എന്നാണ് കെജ്‌രിവാള്‍ പറയുന്നത്. അതിനിടെ തലസ്‌ഥാനത്തെ ദസ്രാത്ത് പുരി മേഖലയില്‍ 49 ഓക്‌സിജന്‍ സിലിണ്ടറുകള്‍ അനധികൃതമായി ഒളിപ്പിച്ചുവന്ന അനില്‍കുമാര്‍ എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌ത സംഭവവും ഉണ്ടായി.
കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി ഭരണകൂടത്തിന്റെയും അനാസ്‌ഥയാണ് ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യത ഇത്രമേല്‍ ഗുരുതരമാക്കി തീർത്തത് എന്നും ഒരു കൂട്ടർ പറയുന്നുണ്ട്. തുടക്കത്തില്‍ രോഗികളുടെ ബന്ധുക്കള്‍ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചു പരാതിപ്പെട്ടിരുന്നുവെങ്കിലും നിഷേധിക്കുന്ന നിലപാടായിരുന്നു അധികൃതര്‍ സ്വീകരിച്ചിരുന്നത്.
എന്നാല്‍ രാജ്യത്തെ തന്നെ മുന്‍നിര ആശുപത്രികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഓക്‌സിജനു വേണ്ടി കേഴുന്ന അവസ്‌ഥയിലെത്തിയപ്പോഴാണ് ഗുരുതര പ്രതിസന്ധി പുറം ലോകം അറിഞ്ഞത്. ഡല്‍ഹി ഹൈക്കോടതി ശക്‌തമായ ഇടപെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ സൈനിക സഹായമടക്കമുള്ള നീക്കങ്ങള്‍ തുടങ്ങിവച്ചു. വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയായ കേസ് എടുത്തുവെങ്കിലും അമിക്കസ് ക്യൂറിയായി നിയോഗിച്ച ഹരീഷ് സാല്‍വേ പിന്മാറിയതോടെ സുപ്രീം കോടതി കേസ് വെള്ളിയാഴ്‌ച നീട്ടിവച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മാത്രം തലസ്ഥാനത്ത് 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഒരു മണിക്കൂറില്‍ മരിച്ചത് പത്തുപേര്‍. വ്യാഴാഴ്ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്ച 24 മണിക്കൂറിനിടയില്‍ 277 പേര്‍ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഡല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. 357 പേരാണ് ശനിയാഴ്ച മരണപ്പെട്ടത്.
https://www.facebook.com/Malayalivartha


























