വ്യാപം കുംഭകോണത്തിലുരുവി മധ്യപ്രദേശ്, കുംഭകോണത്തില്‍ മന്ത്രിമാര്‍ക്കും ഭാര്യമാര്‍ക്കും പങ്കുള്ളതായി അന്വേഷണ സംഘം

മധ്യപ്രദേശിനെ വിഴുങ്ങിയ വ്യാപം കുംഭകോണത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ഒരു മന്ത്രിയുടെ ഭാര്യയ്ക്കു പങ്കുണ്ടെന്നു അന്വേഷണ സംഘം. കഴിഞ്ഞ ഫെബ്രുവരിയില്‍ തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലാണു മന്ത്രിയുടെ ഭാര്യയെക്കുറിച്ചു പരാമര്‍ശമുള്ളത്. പേര് വെളിപ്പെടുത്താതെ \'മന്ത്രണി\' എന്നാണ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്.
കേസില്‍ പ്രതിസ്ഥാനത്തുള്ളവരെയെല്ലാം പേരെടുത്ത് പറയുന്ന റിപ്പോര്‍ട്ട്, പക്ഷേ, മന്ത്രിഭാര്യ ആര് എന്നതിനെക്കുറിച്ചു മൗനം പാലിക്കുന്നു. ഇതിനിടെ, സംസ്ഥാനത്തെ ഒരു വനിതാ മന്ത്രിക്കും കുംഭകോണത്തില്‍ പങ്കുണ്ടെന്ന സൂചനകള്‍ ശക്തമായി. കേസില്‍ അറസ്റ്റിലായ വ്യാപം കണ്‍ട്രോളര്‍ പങ്കജ് ത്രിവേദി, വ്യാപം കേന്ദ്രത്തിലെ കംപ്യൂട്ടറുകളുടെ ചുമതലക്കാരന്‍ നിതിന്‍ മൊഹീന്ദ്ര എന്നിവരില്‍ നിന്നാണു മന്ത്രിഭാര്യയുടെ ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പങ്കജ് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നു.
പ്രവേശന ക്രമക്കേടിലുള്‍പ്പെട്ട പ്രമുഖരുടെ പേരുകള്‍ കോഡ് ഭാഷയിലാണ് ഇയാള്‍ രേഖപ്പെടുത്തിയിരുന്നത്. മന്ത്രി, മന്ത്രണി എന്നിങ്ങനെ. ഇതില്‍, മന്ത്രി എന്നാല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ. ഇയാള്‍ ജയിലിലാണ്. മന്ത്രണി ആരെന്ന ചോദ്യത്തിനു പങ്കജ് വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മറ്റ് ഉന്നതരുടെ പേരുകള്‍ എളുപ്പം വെളിപ്പെടുത്തിയ പങ്കജ് മന്ത്രിഭാര്യയുടെ കാര്യത്തില്‍ മാത്രം ഉരുണ്ടുകളിച്ചു. വനിതാ മന്ത്രിയുടെ പങ്കിനെക്കുറിച്ചും പങ്കജ് ആണു സൂചന നല്‍കിയത്. സംസ്ഥാന മന്ത്രിസഭയില്‍ മൂന്നു വനിതകളാണുള്ളത്.
കുംഭകോണത്തില്‍ മന്ത്രിഭാര്യയുടെ ഇടപെടല്‍ സ്ഥിരീകരിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്, സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കത്തിനു വഴിമരുന്നിട്ടു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യയ്ക്കു കുംഭകോണത്തില്‍ പങ്കുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് മുന്‍പ് ആരോപിച്ചിരുന്നു. മധ്യപ്രദേശിലെ മറ്റൊരു മുതിര്‍ന്ന മന്ത്രിയുടെ ഭാര്യയും സംശയത്തിന്റെ നിഴലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























