പെഗാസസ് ഫോൺ ചോർത്തൽ വിവാദം; പാര്ലമെന്ററി സമിതി കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളോട് വിശദീകരണം തേടും; സമിതി ജൂലൈ 28ന് യോഗം ചേരും

ഇസ്രയേല് ചാര സോഫ്റ്റ്വെയര് പെഗാസസ് ഉപയോഗിച്ചു പ്രമുഖരുടെ ഫോണില് നിന്നു വിവരങ്ങള് ചോര്ത്തിയ സംഭവത്തില് പാര്ലമെന്ററി സമിതി വിശദീകരണം തേടും. ശശി തരൂര് അധ്യക്ഷനായ പാര്ലമെന്ററി സമിതി കേന്ദ്ര ആഭ്യന്തര, ഐടി മന്ത്രാലയങ്ങളോട് വിശദീകരണം തേടും. ജൂലൈ 28നാണ് പാര്ലമെന്ററി സമിതി യോഗം ചേരുന്നത്.
യോഗത്തില് രാജ്യത്തെ പൗരന്മാരുടെ ഡാറ്റ സംരക്ഷണവും സ്വകാര്യതയും ഉള്പ്പടെയുള്ള വിഷയങ്ങള് ചര്ച്ച ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെയും ഐടി മന്ത്രാലയത്തിലെയും പ്രതിനിധികളെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്ഗ്രസ് എംപി കാര്ത്തി ചിദംബരം, ബിജെപി എംപി തേജസ്വി സൂര്യ, തൃണമൂല് എംപി മഹുവാ മോയിത്ര തുടങ്ങിയവരാണ് പാര്ലമെന്റിന്റെ ഐടി സ്റ്റാന്ഡിംഗ് കമ്മിറ്റിയിലെ അംഗങ്ങള്.
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ അടക്കം ഫോണുകള് ചോര്ത്തിയ സംഭവം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില് പാര്ലമെന്റ് സ്തംഭിപ്പിച്ചിരുന്നു. പെഗാസസ് വിഷയം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വെല്ലുവിളിയാണെന്നാണ് ശശി തരൂര് പ്രതികരിച്ചത്. എന്നാല്, ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്ത്തകരുടെയും ഫോണുകളില് ചാരക്കണ്ണ് പതിപ്പിച്ചതില് ഒരു പങ്കുമില്ലെന്നാണ് സര്ക്കാരിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha