ഷീനകൊലക്കേസ്, മകളെ കൊന്നത് അമ്മ ഇന്ദ്രാണി തന്നെയെന്ന് പോലീസ്, അടുത്ത ഇര താനെന്ന് മകന്‍

സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിലെന്ന് പോലീസ്. ഷീന ബോറയും മിഖൈലും മക്കളാണെന്ന വിവരം മറച്ചുവെച്ചാണ് ഇന്ദ്രാണി മുഖര്‍ജി പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിച്ചത്. അമ്മയുടെ ഈ ചെയ്തി മക്കളായ ഇരുവരും ചോദ്യം ചെയ്യുകയും പീറ്റര്‍മുഖര്‍ജിയോട് സത്യം വെളിപ്പെടുത്തുമെന്ന് ഇന്ദ്രാണിയെ ഭീഷണിപ്പെടിത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ദ്രാണി ഇതെല്ലാം തന്ത്രപരമായി ഒതുക്കി. ഇതിനിടയിലാണ് പീറ്റര്‍മുഖര്‍ജിയുടെ ആദ്യഭാര്യയിലെ മകനായ രാഹുല്‍ ഷീനയുമായി അടുക്കുന്നത്. അതിവേഗം പ്രണയത്തിലായ ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചത് ഇന്ദ്രാണിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. രാഹുലും ഷീനയും തമ്മിലുള്ള അടുപ്പം ഇന്ദ്രാണി എതിര്‍ക്കുകയും വിവാഹത്തിന് എതിരെ നിലപാടെക്കുകയും ചെയ്തപ്പോള്‍ ഷീനയും രാഹുലും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയാന്‍ തുടങ്ങി. ഇത് ഇന്ദ്രാണിക്ക് കടുത്ത ആഘാതമുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് ആദ്യഭര്‍ത്താവ് സഞ്ജീവ് ഖന്നയെ കൂട്ടുപിടിച്ച് ദുരഭിമാനത്തിന്റെ പേരില്‍ മകളെ കൊല്ലാന്‍ പദ്ധതിയിട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് ഷീന ബോറയുടെ മൃതദേഹം ഒളിപ്പിച്ചു കടത്തിയതിനു സമാനമായ പെട്ടി ഇവരുടെ ഫ്‌ലാറ്റില്‍ നിന്നു കണ്ടെത്തി. കാറില്‍ വച്ചു ഷീനയെ കൊലപ്പെടുത്തിയ ശേഷം ഇത്തരം പെട്ടിയിലാണ് മൃതദേഹം റായ്ഗഡില്‍ എത്തിച്ചു കത്തിച്ചത്. ഉറക്ക്മരുന്നു കലര്‍ന്ന പാനീയം നല്‍കി ഇന്ദ്രാണി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മകന്‍ മിഖൈലിന്റെ വെളിപ്പെടുത്തലുമായാണു പൊലീസ് ഇതിനെ കൂട്ടിവായിക്കുന്നത്. ഇന്നലെ ഫ്‌ലാറ്റില്‍ നിന്നു കണ്ടെത്തിയ പെട്ടി മിഖൈലിനായി കരുതിയിരുന്നതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ഷീനയുടെ മൃതദേഹം കത്തിച്ച ശേഷം ഉപേക്ഷിച്ച റായ്ഗഡ് ജില്ലയിലെ പെണ്‍ മേഖലയില്‍ ഇന്ദ്രാണി, ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായി എന്നിവരെ എത്തിച്ചു തെളിവെടുപ്പു നടത്തി. എന്നാല്‍, ആള്‍ക്കൂട്ടവും മാധ്യമപ്പടയും പ്രശ്‌നമായതോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ല. മൂവരുടെയും പൊലീസ് കസ്റ്റഡി അവസാനിക്കുന്നതിനെത്തുടര്‍ന്ന് ഇന്നു ബാന്ദ്ര കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടാന്‍ അഭ്യര്‍ഥിക്കുമെന്നും മുംബൈ പൊലീസ് അറിയിച്ചു.
ഇന്ദ്രാണിയും സഞ്ജീവും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നതും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പൊലീസിനെ കുഴക്കുകയാണ്. കൊലപാതകത്തില്‍ പങ്കാളിയാണെന്നു സമ്മതിച്ച സഞ്ജീവ് ഖന്ന, കഴുത്തു ഞെരിച്ചു കൊല നടത്തിയത് ഇന്ദ്രാണിയാണെന്നും മൃതദേഹം ഉപേക്ഷിക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്നുമാണു പറഞ്ഞത്. എന്നാല്‍, ഷീനയോട് കടുത്ത വിരോധമുണ്ടായിരുന്നെങ്കിലും താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഇന്ദ്രാണിയുടെ വാദം.
ജോലിക്കാര്യത്തിലും സാമ്പത്തികമായും സഹായിക്കാമെന്ന വാഗ്ദാനപ്രകാരമാണ് കൊലപാതകത്തില്‍ പങ്കാളിയായതെന്നും, വാക്കു പാലിച്ച ഇന്ദ്രാണി നന്നായി സഹായിച്ചെന്നും സഞ്ജീവ് വെളിപ്പെടുത്തി. ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും ചേര്‍ന്നാണു ഷീനയെ കൊലപ്പെടുത്തിയതെന്നാണു ശ്യാം റായിയുടെ മൊഴി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























