മണിപ്പൂര്‍ സംഘര്‍ഷത്തിലും പൊലീസ് വെടിവയ്പിലും എട്ട് മരണം, ചുരാചാന്ദ്പൂരില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യ ഇളവ് ചെയ്തു

ഗോത്രവര്‍ഗക്കാരുടെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് തെക്കന്‍ മണിപ്പൂരിലെ ചുരാചാന്ദ്പൂരില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ഇളവ് ചെയ്തു. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു വേണ്ടി ബുധനാഴ്ച രാവിലെ 5 മണിമുതലാണ് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചതെന്നും ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് ലുമിങ്താങ് ഹവോകിപ് വ്യക്തമാക്കി. അതേസമയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബുധനാഴ്ച അടഞ്ഞുകിടന്നു.
സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കാനും ഭൂപരിഷ്‌കരണം നടത്താനും ഉദ്ദേശിച്ച് നിയമസഭ മൂന്ന് ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ചുരാചാന്ദ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിലും പൊലീസ് വെടിവയ്പിലും എട്ടു പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മന്ത്രിയുടെയും അഞ്ചു എം.എല്‍.എമാരുടെയും എം.പിയുടെയും വീടിന് അക്രമികള്‍ കഴിഞ്ഞ ദിവസം തീവയ്ക്കുകയുണ്ടായി. പൊലീസ് സ്‌റ്റേഷനും നിരവധി വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.
https://www.facebook.com/Malayalivartha
























