ഡല്‍ഹിയില്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 30, പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരം, കൂടുതല്‍ മൃതദേഹം ഉണ്ടോ എന്ന് കണ്ടെത്താന്‍ നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു, മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത, മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം

ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. നിരവധി പേർക്കാണ് തീപിടുത്തത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്.തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ്, കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്കയില്‍ വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്‌നിബാധ. 6 മണിക്കൂര്‍ കൊണ്ടാണ് തീ പൂര്‍ണമായി അണയ്ക്കാനായത്. കൂടുതല്‍ മൃതദേഹം ഉണ്ടോ എന്ന് കണ്ടെത്താന്‍ നടത്തി വന്ന പരിശോധന അവസാനിപ്പിച്ചതായി ഡല്‍ഹി ഫയര്‍ഫോഴ്സ് വിഭാഗം അറിയിച്ചു.
ഒരുസ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്‌നിരക്ഷാസേന അറിയിച്ചതെങ്കിലും രാത്രി പത്തിനുശേഷമാണ് കൂടുതല്‍പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. മുപ്പതിലേറെ പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തില്‍ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി.
രാത്രിവൈകിയും രക്ഷാദൗത്യം തുടര്‍ന്നു. അപകടം നടന്നയുടന്‍ 24 അഗ്‌നിരക്ഷാ വാഹനങ്ങള്‍ പാഞ്ഞെത്തി. എന്നാല്‍, കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം നീണ്ടു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.വിവിധ കമ്പനികള്‍ക്ക് ഓഫീസ് പ്രവര്‍ത്തിക്കാന്‍ വാടകയ്ക്കു നല്‍കാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതര്‍ അറിയിച്ചു.
ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം നൽകും.
https://www.facebook.com/Malayalivartha