യൂബര്‍ ടാക്‌സി മാനഭംഗം: ഡ്രൈവര്‍ക്ക് ജീവപര്യന്തം

ഡ്രൈവര്‍ ശിവ്കുമാര്‍ യാദവിന് (32) ജീവപര്യന്തം തടവ്. തട്ടിക്കൊണ്ടുപോകല്‍, പീഡനം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. തടവുശിക്ഷയ്ക്കു പുറമേ 21,000 രൂപ പിഴയും നല്‍കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കാവേരി ബവേജ വിധിച്ചു.
ഗുഡ്ഗാവിലെ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുപത്തിയഞ്ചുകാരി 2014 ഡിസംബര്‍ അഞ്ചിനു രാത്രിയാണ് പീഡനത്തിനിരയായത്. ഹോട്ടലില്‍ നടന്ന ഔദ്യോഗിക യോഗം കഴിഞ്ഞ് ഗുഡ്ഗാവില്‍ നിന്നു താമസസ്ഥലമായ നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹിയിലെ ഇന്ദര്‍ലോകിലെക്കു പോകുന്നതിനാണു ടാക്‌സി വിളിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ ആക്രമണ ഭീഷണി മുഴക്കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം വന്‍പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് യുഎസ് ആസ്ഥാനമായുള്ള യൂബര്‍ കമ്പനിയുടെ ടാക്‌സി സര്‍വീസുകള്‍ക്കു ഡല്‍ഹിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
യുവതി നല്‍കിയ മൊഴിയും ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തലുകളും യോജിച്ചു പോകുന്നതാണെന്നു കോടതി നിരീക്ഷിച്ചു. മാനഭംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നതും വ്യക്തമാണ്. കുറ്റകൃത്യത്തിന്റെ ഭീകരത കണക്കിലെടുക്കുമ്പോള്‍ പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നു വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. വിധികേട്ട് പ്രതിയുടെ ഭാര്യ കോടതിമുറിയില്‍ ബോധരഹിതയായി വീണു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























