ബിജെപി മുഖ്യമന്ത്രിമാർ തുറക്കാൻ ഭയന്ന വാതിൽ ചവിട്ടിത്തുറന്ന് സിദ്ധരാമയ്യ... മന്ത്രി കസേര തെറിക്കും! വിധാന്‍ സൗധയിൽ സംഭവിച്ചത്...

കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ (വിധാന്‍ സൗധ) അശുഭകരമെന്ന കാരണംപറഞ്ഞ് വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വാതില്‍ തുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാസ്തു വിശ്വാസപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലെ അടച്ചിട്ട വാതിലാണ് കർണാടക മുഖ്യമന്ത്രി തുറന്നത്. ശനിയാഴ്ച അവലോകന യോഗത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ടത്.
മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് തെക്കുനിന്ന് പ്രവേശിക്കാവുന്ന വാതിലാണ് കാലങ്ങളായി അടച്ചിട്ടിരുന്നത്. മുഖ്യമന്ത്രി ആ വാതിലിലൂടെ മുറിയ്ക്കുള്ളിലേക്ക് കടന്നാൽ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഈ വാതിലാണ് ശനിയാഴ്ച സിദ്ധരാമയ്യ തുറന്നത്. അന്നഭാഗ്യ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
വിധാൻസൗധയുടെ മൂന്നാം നിലയിലെ ഓഫീസിലെത്തിയ സിദ്ധരാമയ്യ, തെക്ക് ഭാഗത്തെ വാതിൽ എന്തിനാണ് അടച്ചതെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. വാസ്തു ശരിയല്ലാത്തതിനാലാണ് വാതിൽ അടച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരോട് വാതിൽ തുറക്കാൻ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേ വാതിലിലൂടെയാണ് മുഖ്യമന്ത്രി യോഗത്തിനായി മുറിയിൽ പ്രവേശിച്ചത്.
1998ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് വാതിൽ അടച്ചത്. വാതില്‍ തുറന്നശേഷം വാസ്തു സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 'എവിടെയാണോ ആരോഗ്യമുള്ള മനസ്സും ശുദ്ധമായ ഹൃദയവും ജനങ്ങളോടുള്ള കരുതലും നമുക്കുണ്ടാകുന്നത് അവിടമാണ് നല്ല വാസ്തുവുള്ള ഇടം. സ്വാഭാവികവെളിച്ചവും ശുദ്ധവായുവും അവിടെയുണ്ടാകണം', അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരായ തന്റെ നിലപാട് ഊന്നിപ്പറയുകയായിരുന്നു സിദ്ധരാമയ്യ.
വാതില്‍ തുറക്കുന്ന ചിത്രത്തോടൊപ്പം ഇക്കാര്യവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ഇനി മുതല്‍ ചേംബറിലേക്ക് കയറാനും ഇറങ്ങാനും ഈ വാതില്‍ ഉപയോഗിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 2013-ല്‍ മുഖ്യമന്ത്രിപദത്തില്‍ എത്തിയ സമയത്ത് സിദ്ധരാമയ്യ ഈ വാതില്‍ തുറന്നിരുന്നു. അതിന് മുമ്പ് 15 വർഷത്തിനിടെ ആറ് മുഖ്യമന്ത്രിമാർ അധികാരമേറ്റെങ്കിലും ആരും വാതിൽ തുറന്നില്ല.
2018-ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഓപ്പറേഷന്‍ കമലയിലൂടെ ഭരണം നഷ്ടമായി. 2018-നു ശേഷം മുഖ്യമന്ത്രിസ്ഥാനത്തെത്തിയ എച്ച്.ഡി. കുമാരസ്വാമി, ബി.എസ്. യെദ്യൂരപ്പ, ബസവരാജ ബൊമ്മൈ എന്നിവരൊന്നും ഈ വാതില്‍ ഉപയോഗിച്ചിരുന്നില്ല.
1998-ല്‍ അന്നത്തെ മുഖ്യമന്ത്രി ജെ.എച്ച്. പാട്ടീല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് വാതിൽ അശുഭകരമാണെന്ന അന്ധവിശ്വാസം തുടങ്ങിയത്. ആ വാതില്‍ ശപിക്കപ്പെട്ടതാണെന്നും അത് ഉപയോഗിക്കുന്ന മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും പ്രചാരണമുണ്ടായി. പിന്നാലെ വാതിലിന് പൂട്ടും വീണു.
തെക്ക് ദർശനമുള്ള വാതിൽ നിർഭാഗ്യകരമാണെന്നാണ് പല മുഖ്യമന്ത്രിമാരുടെയും വിശ്വാസം. പകരം പടിഞ്ഞാറ് ദർശനം ഉപയോഗിക്കുന്നതാണ് നല്ലതെന്നും ജ്യോതിഷികൾ പറഞ്ഞതിനെ തുടർന്നാണ് വാതിൽ അടച്ചത്. ജനപ്രതിനിധികളുടെ ഇത്തരം വിശ്വാസങ്ങൾക്ക് പ്രസിദ്ധമാണ് കർണാടക. നേരത്തെ ചില മന്ത്രിമാർ വാസ്തു പ്രകാരം ഓഫിസ് പുതുക്കി പണിതത് വാർത്തയായിരുന്നു. മുൻ മുഖ്യമന്ത്രി യെദിയൂരപ്പ പേരുമാറ്റം വരെ നടത്തി.
അതേസമയം, കര്‍ണാടകയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ ഓറിയന്റേഷൻ ക്യാംപിലേക്ക് മതനേതാക്കളെ കൂടി ക്ഷണിക്കാനൊരുങ്ങിയ സംസ്ഥാന നിയമസഭാ സ്പീക്കര്‍ യു.ടി ഖാദറിന്റെ നടപടി വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. സ്പീക്കറുടെ നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി ഇടത്, പുരോഗമന വൃത്തങ്ങളിൽ നിന്ന് മാത്രമല്ല കോണ്‍ഗ്രസിലെ ഒരു പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
ജൂണ്‍ 26നാണ് പരിശീലന ക്യാംപ് ആരംഭിക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയാണ്. ആദ്യമായി നിയമസഭയിലെത്തിയ 70 എംഎല്‍എമാരെയാണ് ക്യാംപിലുള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളുരുവിനടുത്തുള്ള നെലമംഗലയിലെ ശ്രീ ധര്‍മ്മശാസ്ത്ര മഞ്ജുനാഥ (എസ്ഡിഎം) പ്രകൃതി ചികിത്സാ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യോഗ, മെഡിറ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും എംഎല്‍എമാര്‍ക്ക് നല്‍കുമെന്ന് സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, രാജ്യസഭാംഗവും ധര്‍മ്മസ്ഥല ക്ഷേത്രം ട്രസ്റ്റിയുമായ വീരേന്ദ്ര ഹെഗ്‌ഡേ വലതുപക്ഷ പ്രഭാഷകന്‍ ഗുരുരാജ് കജാര്‍ജി, എന്നിവരെയും ക്യാംപിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പരിപാടി നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലത്തെച്ചൊല്ലിയും വിമര്‍ശനമുണ്ടായി. നിയമസഭാ സാമാജികര്‍ക്ക് നിയമസഭയ്ക്കുള്ളില്‍ വെച്ചാണ് പരിശീലനം നല്‍കേണ്ടത് എന്നാണ് ചിലരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha

























