എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി പി എം നേതാവുമായ എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും. തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു. അതിൽ പ്രധാനം പ്രളയകാലത്തെ പമ്പാ നദിയിൽ ഉൾപ്പെടെയുള്ള മണൽ ഖനനമാണ്.പ്രളയ കാലത്ത് ആനത്തോടു ഡാമിൽ നിന്ന് ഒഴുകി വന്ന ഒരു ലക്ഷം ടൺ മണൽ നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് അറിയാതെ മുൻ മുഖ്യമന്ത്രി സ്വകാര്യ കമ്പനിക്കു അനുമതി നൽകാൻ തീരുമാനമെടുത്തിരുന്നതായും സൂചനയുണ്ട്. അന്നത്തെ പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും ഇതിന്റെ ഭാഗമായി ഹെലികോപ്റ്ററിൽ ഈ മേഖലകളിൽ പരിശോധന നടത്തിയതു അടക്കമുള്ള വിവാദ തീരുമാനങ്ങളിലെ തെളിവുകളും പുറത്തു വിടുമെന്നാണു സൂചന.
ഈ മണൽ നീക്കം വലിയ വിവാദമായിരുന്നു. ഇതോടെ പത്മകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നാണു വിവരം. സ്വർണക്കൊള്ളക്കേസിലെ ‘ദൈവതുല്യൻ’ എന്ന പരാമർശം പത്മകുമാർ ആരെ ഉദ്ദേശിച്ചു പറഞ്ഞതാണെന്ന ചോദ്യത്തിനും ഇതോടെ മറുപടി ഉണ്ടാകുമെന്നാണു സൂചന. സാമ്പത്തിക ഇടപാടിൽ കേന്ദ്ര അന്വേഷണം നേരിടുന്ന വ്യക്തിക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണവും പുറത്തുവരുന്നുണ്ട്. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിവിഭവമാണ് മണൽ. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് പമ്പ- ത്രിവേണിയിലെത്തി മണൽ വാരലിന് ചുക്കാൻ പിടിച്ചപ്പോൾ അത് വൻ വിവാദങ്ങൾക്ക് കാരണമായി.
കോടികളുടെ അഴിമതിക്കാണ് പുതിയ നീക്കം വഴിവച്ചത്. ടോം ജോസ് പിണറായിയുടെ വിശ്വസ്തനായിരുന്നു. പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന് സർക്കാർ അനുമതി നൽകുകയായിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്‍റ് സെറാമിക്സ് സ്വകാര്യ കമ്പനികൾക്ക് മണൽ മറിച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയ പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉയര്‍ത്തിയത്. ആരോപണം ഉയർന്നതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്ത് സർക്കാർ തളളി.
ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്യണമെന്നാണ് സർക്കാർ വിശദീകരണം. ഭാവിയിൽ പ്രളയസാധ്യത ഒഴിവാക്കുന്നതിനാണ് മണൽ മാറ്റിയതെന്നും സർക്കാർ പറയുന്നു. അതിനാലാണ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ എന്ന നിലയിൽ കളക്ടർ അനുമതി നൽകിയതെന്നും മുൻ സർക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് വിരമിക്കുന്നതിന് തലേന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിലാണ് പമ്പയിലെത്തി മണൽനീക്കം പരിശോധിച്ചത്. വിവാദത്തെ തുടർന്ന് മണൽ ക്ലേയ്സ് ആന്റ് സെറാമിക്സിന് നൽകാനുളള തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. നദിയിൽ നിന്നെടുത്ത മണൽ പമ്പയിൽ സർക്കാർ ഉടമസ്ഥതയിലുളള സ്ഥലത്തേക്കാണ് മാറ്റിയത്.
വിവാദം തണുക്കുമ്പോൾ പഴയ പാർട്ടിക്ക് തന്നെ മണൽ വിൽക്കാമെന്നാണ് സർക്കാർ കരുതിയത്. പമ്പ മണൽ കൊള്ളക്ക് പിന്നിൽ അന്നത്തെ വ്യവസായ മന്ത്രിയും കുടുംബവും ആണെന്നാണ് കെ. സുരേന്ദ്രൻ ആരോപണം ഉന്നയിച്ചത്. കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കണ്ണൂരിൽ മണൽ കടത്താൻ ശ്രമിച്ച കമ്പനിയാണ് പമ്പയിലും കരാറിൽ ഏർപ്പെട്ടതെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധം ശക്തമായപ്പോൾ സർക്കാർ കമ്പനിയെ മണൽ വാരൽ ഏൽപ്പിച്ചു. സ്വകാര്യ കമ്പനിയുടെ തലപ്പത്ത് കോൺഗ്രസുകാരും മാർക്സിസ്റ്റുകാരും ഉണ്ടെന്നായിരുന്നു ബി ജെ പിയുടെ ആരോപണം . വി എസ് കേരളം ഭരിക്കുമ്പോൾ മണൽവാരൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കേരളത്തിൻ്റെ ഭാവിയായിരുന്നു വി എസിൻ്റെ മുൻഗണന. പരിസ്ഥിതി വിഷയങ്ങളിൽ ഒരു നീക്കുപോക്കിനും തയ്യാറായില്ല. അതിൻ്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. എന്നാൽ ഇടതു സർക്കാരിന് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതിൽ മാത്രമാണ് സർക്കാരിന് താൽപ്പര്യം. പഴയ ടോം ജോസ് തുടങ്ങിവച്ച ഹുഡായിപ്പ് പിണറായി മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് ചുരുക്കം. ഈ വിവാദം കത്തിനിൽക്കുമ്പോഴാണ് നദികളിലെ മണൽ ഖനനം ചെയ്യാൻ പിണറായി തീരുമാനിച്ചത്. കൊല്ലം, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ നദികളിൽ മണൽ ഖനന സാധ്യതയുണ്ടെന്നാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്. 10 വർഷത്തെ നിരോധനത്തിന് ശേഷമാണ് സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകിയത്
റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. . കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇതിലൂടെ പുനരാരംഭിച്ചത്. നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങൾ മാത്രമുള്ളപ്പോൾ സി പി എമ്മിന് വരുമാനം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ . ഓഡിറ്റ് നടത്തിയതിൽ 14 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ.
അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം.സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ പുനരാരംഭിച്ചിരിക്കുകയാണ്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലെ പ്രത്യേക സംവിധാനത്തിന്റെ മേൽനോട്ടത്തിലാണ് ഒരിടവേളയ്ക്ക് ശേഷം മണൽവാരൽ ആരംഭിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും പുഴകളിൽ നിന്ന് നിയന്ത്രിതമായ തോതിൽ മണലെടുക്കുന്ന ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ദീർഘകാലം നടത്തിയ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പക്ഷേ, പരിസ്ഥിതി സംഘടനകൾ ഇതിനോടകം എതിർപ്പുകളും പ്രതിഷേധവും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാനത്തെ പുഴകളിൽനിന്ന് മണൽ വാരൽ ആരംഭിക്കുന്നത്. 2018ൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ മണൽവാരാനുള്ള തീരുമാനം എടുത്തത്. പുഴകളിൽ മണൽ അമിതമായി അടിഞ്ഞുകൂടിയത് പ്രളയത്തിന്റെ കാരണങ്ങളിൽ ഒന്നാണെന്നാണ് വിദഗ്ദധ സമിതിയുടെ കണ്ടെത്തൽ. ഇതേത്തുടർന്ന് ഓരോ പുഴയെ കുറിച്ചും പഠനം നടത്തി, നിശ്ചിത അളവിൽ മണൽ നീക്കം ചെയ്ത് വിൽപന നടത്താനാണ് സർക്കാർ തീരുമാനം. ഇതനുസരിച്ച് ഓരോ പുഴയിൽനിന്നു നീക്കം ചെയ്യുന്ന മണലിന്റെ ഘനഅടി കണക്കും നിശ്ചയിച്ചിട്ടുണ്ട്. പുഴകളിലെ മണലാണ് പ്രളയത്തിന് കാരണമെന്ന വിദഗ്ധരുടെ കണ്ടെത്തൽ സംബന്ധിച്ചുതന്നെ രണ്ട് അഭിപ്രായമുണ്ട്. ഒരുവിഭാഗം ഇതിനെ ശരിവയ്ക്കുമ്പോൾ, പുഴമണൽ വെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിടുകയാണ് ചെയ്യുന്നത്, മണൽ ഒരിക്കലും പ്രളയത്തിന് കാരണമാകില്ല എന്നിങ്ങനെ പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു.
എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും സർക്കാർ തീരുമാനപ്രകാരമുള്ള മണൽ വാരൽ പ്രക്രിയ സജീവമായി മുന്നോട്ട് പോയി. പുഴകളുടെ കുത്തൊഴുക്കിനെ തടസപ്പെടുത്തി ജലനഷ്ടം ഒഴിവാക്കുന്നതിൽ പ്രധാനപ്പെട്ടതാണ് പുഴയിലെ മണൽത്തരികൾ.മണൽ വാരൽ വർദ്ധിക്കുകയും പുഴയ്ക്ക് അരികിലെ പാടങ്ങൾ മണ്ണിട്ട് നികത്തി ഭൂരിഭാഗം ഇടങ്ങളിലും കെട്ടിടങ്ങൾ പണിയുകയും ചെയ്തതോടെയാണ് പല പുഴകളും വറ്റിവരണ്ടത്. പുഴകളുടെ കുത്തൊഴുക്ക് തടയുന്നതിന് പ്രകൃതി നിർമ്മിച്ച തടയണകളാണ് മണൽ തരികൾ. പുഴയിലൂടെ ഒഴുകുന്ന വെള്ളം വേഗത്തിൽ കടലിലെത്തുന്നത് തടയുന്നതിൽ മണൽത്തരികൾക്ക് വലിയ പ്രാധാന്യമുണ്ട്. മണൽ വാരൽ വ്യാപകമാകുന്നതോടെ പുഴയിലെ ഒഴുക്ക് വർദ്ധിച്ച് വെള്ളം എളുപ്പത്തിൽ കടലിലെത്തുന്നു.
പുഴകളുടെ അരികിലെ നീർത്തടങ്ങളിൽ മഴക്കുഴികൾ പരമാവധി നിർമ്മിക്കുകയും ഉറവകൾ സംരക്ഷിക്കുകയും ചെയ്താൽ പുഴകളെ ജലസമൃദ്ധമായി കാത്തുസൂക്ഷിക്കാമെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ പറയുന്നു.പുഴയ്ക്ക് സമീപത്തെ പാടങ്ങൾ വെള്ളപ്പൊക്കത്തിന്റെ നാശങ്ങളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നവയായിരുന്നു. ഒപ്പം വെള്ളം മണ്ണിൽത്തന്നെ സംരക്ഷിച്ച് നിറുത്തുകയും ചെയ്യുന്നു. പാടങ്ങൾ അനുദിനം കോൺക്രീറ്റ് കെട്ടിടങ്ങളായി മാറുന്നതോടെ പുഴകളും ഓരോന്നായി ഓർമ്മയാകുകയാണ്.പാസുകളിൽ കൃത്രിമംകാണിച്ച് മണലൂറ്റിന് പതിറ്റാണ്ടുകൾക്ക് മുമ്പ് പുഴയിലെ മണൽവാരൽ നിറുത്തിവയ്‌ക്കാനുണ്ടായ സാഹചര്യം ഈ സമയത്ത് ഓർക്കേണ്ടതുണ്ട്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ രീതിയിലായിരുന്നു മുമ്പ് മണൽ നീക്കം ചെയ്തിരുന്നത്. നിർമ്മാണ ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ പാസുകൾ നൽകി ഓരോ മണൽ കടവുകളിൽ നിന്നും പരിമിതമായ അളവിലാണ് മണൽ എടുത്തിരുന്നത്.
പക്ഷേ, പിന്നീടിത് അനിയന്ത്രിതമായി. ഇതോടെ മണൽ വാരൽ വലിയൊരു വ്യാപാരമായി മാറുകയും മണൽ മാഫിയ തഴച്ചുവളരുകയും ചെയ്തു. പഞ്ചായത്തുകൾ നൽകുന്ന പാസുകളിൽ കൃത്രിമം കാട്ടി പുഴയിൽ നിന്ന് അനിയന്ത്രിതമായി മാഫിയകൾ മണൽ വാരിക്കൊണ്ടുപോയി. ഓരോ ദിവസവും തമിഴ്‌നാട്ടിലേക്ക് ലോഡ് കണക്കിന് മണലാണ് കടത്തിക്കൊണ്ടിരുന്നത്. പുഴയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഒട്ടും ഗൗനിക്കാതെ നടന്ന ഈ മണലൂറ്റ്, പുഴകളുടെ നാശത്തിന് കാരണമായി. പുഴകളുടെ അടിത്തട്ടിൽ നിന്നുവരെ മണൽ പോയതോടെ ചെളി ബാക്കിയാകുകയും പുഴയിൽ വൻമരങ്ങൾ വരെ വളർന്നുവന്നു. ഇതോടെ പുഴ കാടായി മാറി. മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെ പുഴയോരങ്ങൾ പോലും വരൾച്ചയുടെ പിടിയിലകപ്പെട്ടു.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് മണൽ വാരൽ പൂർണമായും നിറുത്തിയതോടെയാണ്. സംസ്ഥാനത്ത് മണലൂറ്റ് സർക്കാരിന്റെ നേതൃത്വത്തിൽ പുനരാരംഭിക്കുമ്പോൾ പഴയ അപകടത്തെക്കുറിച്ച് കരുതൽ വേണം.ഇടനിലക്കാരുടെ ഇടപെൽ ഗൗനിക്കണം. നിയന്ത്രിതമായ അളവിൽ മണൽ വാരാനാണ് അനുമതി നൽകുന്നതെന്നാണ് സർക്കാർ വാദം. പക്ഷേ, മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പാസിന്റെ മറവിൽ വൻതോതിൽ മണൽവാരൽ നടക്കാനുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‌ക്കുന്നുണ്ട്. മണൽ വിലയേറിയ വസ്തുവായതിനാൽ ഇതിനെ ചുറ്റിപ്പറ്റി വീണ്ടുമൊരു മാഫിയസംഘം ഉടലെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. സർക്കാർ നിയന്ത്രണത്തിൽ മണൽ വാരലും അതിന്റെ വില്‌പനയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ രംഗത്ത് ഇടനിലക്കാരുടെ ഇടപെടൽ അധികം വൈകാതെ തന്നെയുണ്ടാകാം. അത് അനിയന്ത്രിതമായ മണലെടുപ്പിലേക്കും പുഴയെ വീണ്ടും നശിപ്പിക്കുന്ന നിലയിലേക്കും വളരാനുള്ള സാദ്ധ്യതയും നിലനില്‌ക്കുന്നുണ്ട്.
വിദഗ്ധ സമിതി നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മണൽ വാരൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ഇല്ലെങ്കിൽ പുഴകൾ വീണ്ടും കാടുമൂടുകയും മരുഭൂമിയായി മാറുകയും ചെയ്യും.പത്തുവർഷമായി കേരളത്തിൻ്റെ ഭാവിയെ കരുതാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയായിട്ടുണ്ട്. അസംസ്‌കൃത പദാർത്ഥങ്ങൾ സമാഹരിക്കാൻവേണ്ടി പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തതുമൂലം അപരിഹാര്യമായ പാരിസ്ഥിതികപ്രശ്നങ്ങൾ സംജാതമായി. നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള പാറപൊട്ടിക്കലും പുഴമണൽ ഖനനവും ഇന്ന് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളാണ്. അനിയന്ത്രിതമായ പാറപൊട്ടിക്കലിനും അമിതമായ മണൽ കൊള്ളയ്ക്കും അറുതിവരുത്തിയില്ലെങ്കിൽ കേരളത്തിൽ മനുഷ്യജീവിതം അത്യന്തം ദുരിതപൂർണമാകുമെന്നതിൽ സംശയം വേണ്ട.
ഖനനത്തിന് അനുമതി നൽകുന്നതും രാഷ്ട്രീയ സ്വാധീനത്തിൻ്റെ മറവിൽ സർക്കാർ തന്നെയാണ്.ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെതിരെ സിപിഎം നടപടി സ്വീകരിച്ചാൽ ഉന്നതരായ പല നേതാക്കളും കുടുങ്ങും. പാർട്ടിയിൽ നിന്നു തരം താഴ്ത്തുകയോ പുറത്താക്കുകയോ ചെയ്യുന്ന നടപടി ഉണ്ടായാൽ സ്വർണക്കൊള്ളയിൽ മുൻ മന്ത്രിയുടെ അടക്കം പങ്ക് പരസ്യമാക്കാൻ പത്മകുമാർ തയാറെടുക്കുന്നതായാണു സൂചന. ഇതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലയുടെ ചുമതലയുമുള്ള തോമസ് ഐസക്കിനെ അനുനയ ചർച്ചകൾക്കു നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പത്മകുമാറിന്റെ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കുമെന്ന വാർത്തകളും വന്നതോടെ എന്ത് നടപടി എടുക്കണം എന്നറിയാതെ സിപിഎം നേതൃത്വവും വെട്ടിലായിരിക്കുകയാണ്.
പാർട്ടി പ്രവർത്തകരെയും വിശ്വാസികളെയും അനുനയിപ്പിക്കണമെങ്കിൽ പത്മകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി മുതൽ ലോക്കൽ കമ്മിറ്റി വരെ സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമാണെന്നു വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിലുള്ള അമർഷവും കീഴ് ഘടകങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നു. ഗത്യന്തരമില്ലാതെയാണു സിപിഎം സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
ശബരിമല യുവതീപ്രവേശ സമയത്തെ ഉന്നതരുടെ ഇടപെടൽ അടക്കം പുറത്തു പറയുമെന്നു പത്മകുമാർ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായാണു സൂചന. മാസപൂജയ്ക്കു സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കാൻ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്. പിന്നീട് ശുദ്ധികലശം നടത്തിയാൽ മതിയെന്നും മണ്ഡലകാലത്തെ തിരക്കിൽ സ്ത്രീകൾക്ക് ദർശനം അനുവദിക്കരുതെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്. ഇതെല്ലാം പത്മകുമാർപറയുന്ന ക്ലിപ്പുകൾ
പുറത്തുവന്നു.പത്മകുമാറിനെതിരെ സർക്കാർ ഇതുവരെയും നടപടി എടുക്കാതിരുന്നത് ഇത്തരം രഹസ്യങ്ങൾ ഉള്ളതുകൊണ്ടാണെന്ന് പറയേണ്ടിവരും.
https://www.facebook.com/Malayalivartha

























