ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് അപകടമെന്ന് വരുത്തിത്തീര്‍ത്ത കേസില്‍ സ്ത്രീയും കാമുകനും പിടിയില്‍. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. കാഞ്ചര്‍ല രേണുക, കാമുകന്‍ കാഞ്ചര്‍ല ഗംഗാശേഖര്‍ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മേയ് 22നാണ് രേണുകയുടെ ഭര്‍ത്താവ് കാഞ്ചര്‍ല രാജയ്യ (45) കൊല്ലപ്പെട്ടത്.
സദാശിവനഗര്‍ മണ്ഡലിലെ മാര്‍ക്കല്‍ ഗ്രാമത്തിലാണ് രേണുക താമസിക്കുന്നത്. രാത്രി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഒരു മൃഗം തട്ടി വാഹനം അപകടത്തില്‍പ്പെട്ട് ഭര്‍ത്താവ് മരിച്ചുവെന്ന് കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, സംശയം തോന്നിയ പൊലീസ് അപകടസ്ഥലം പരിശോധിച്ചു. ശേഷം അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, സാങ്കേതിക വിവരങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ രാജയ്യയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി.
രാജയ്യയുടെ ശരീരത്തിലെ പരിക്കുകള്‍ റോഡപകടത്തിലേത് പോലെ ആയിരുന്നില്ല. തുടര്‍ന്ന് അന്വേഷണം ഗംഗാശേഖറിലേക്കെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. നാല് വര്‍ഷമായി രേണുകയുമായി പ്രണയത്തിലാണെന്നും ബന്ധത്തിന് തടസമാകാതിരിക്കാനും പണം ലഭിക്കാനുമാണ് രാജയ്യയെ കൊലപ്പെടുത്തിയതെന്നും ഗംഗാശേഖര്‍ പറഞ്ഞു.
മദ്യം നല്‍കി ബോധംകെടുത്തിയ ശേഷം ഇരുമ്പ് വടികൊണ്ട് അടിച്ചാണ് പ്രതി രാജയ്യയെ കൊലപ്പെടുത്തിയത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജയ്യ ഉടന്‍തന്നെ മരിച്ചു. അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹവും ബൈക്കും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























