രണ്ടാം അത്ഭുതത്തിനും വത്തിക്കാന്റെ ഔദ്യോഗിക അംഗീകാരം; മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനം സെപ്റ്റംബറില്‍

വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ വിശുദ്ധയായി പ്രഖ്യാപിക്കും. മദര്‍ തെരേസയുടെ മാധ്യസ്ഥത്തില്‍ നടന്ന രണ്ടാമത്തെ അത്ഭുതത്തിനും വത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം നല്‍കിയതോടെയാണിത്. ഇതോടെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കി.
ബ്രസീലിലെ സാന്റോസ് രൂപതയില്‍ അഗമായ ഒരാളുടെ തലച്ചോറിലെ ട്യൂമര്‍ ഭേദമായതാണു മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ ഉദ്ദിഷ്ഠ കാര്യം ലഭിച്ചതായുള്ള രണ്ടാമത്തെ അദ്ഭുതമായി സ്ഥിരീകരിച്ചത്. ഇതിന് വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകാരം നല്‍കിയതോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് വിദഗ്ധരുടെ പാനല്‍ മദര്‍ തെരേസയുടെ മാധ്യസ്ഥത്തില്‍ നടന്ന അദ്ഭുതം ശരിവച്ചത്.
ഡിസംബര്‍ എട്ടു മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 20 വരെ കരുണയുടെ വിശുദ്ധ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ 2016 സെപ്റ്റംബര്‍ നാലിന് വിശുദ്ധ പ്രഖ്യാപനമുണ്ടാകുമെന്ന് കത്തോലിക്ക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. വത്തിക്കാനിലായിരിക്കും പ്രഖ്യാപനമെന്നാണ് സൂചന. മദര്‍ തെരേസയുടെ ചരമവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ അഞ്ചിനു ചടങ്ങു നടത്തുന്നതാണ് ഉചിതമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു.
വിശുദ്ധരെ നാമകരണം ചെയ്യുന്ന ചടങ്ങ് സാധാരണ വത്തിക്കാനിലാണു നടക്കുക. ചില സാഹചര്യങ്ങളില്‍ മാത്രമാണു വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന വ്യക്തിയുടെ മാതൃരാജ്യത്തോ ജീവിതം ചെലവിട്ടിടത്തോ ചടങ്ങു നടത്താറുള്ളത്. മദര്‍ തെരേസയുടെ നാമകരണച്ചടങ്ങ് ഇന്ത്യയിലാണു നടക്കുന്നത് എങ്കില്‍ അതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി രാജ്യത്തെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























