ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യയും ലിഫ്റ്റില്‍ കുടുങ്ങി, മൂന്നു എന്‍ജിനിയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും വിദാന്‍ ഭവനിലെ ലിഫ്റ്റില്‍ 20 മിനിറ്റ് കുടുങ്ങി. സംഭവത്തെ തുടര്‍ന്ന് മൂന്നു എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി ലിഫ്റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ സാങ്കേതിക പ്രശ്‌നമാണ് ലിഫ്റ്റില്‍ കുടുങ്ങാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദാന്‍ ഭവനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം താഴെ വരികയായിരുന്നു അഖിലേഷും ഭാര്യയും മറ്റൊരു എംപിയും. എന്നാല്‍ ലിഫ്റ്റ് ഒന്നാം നിലയില്‍ എത്തിയപ്പോള്‍ നിന്നു പോവുകയായിരുന്നു. ഒന്നാം നിലയില്‍ കുടുങ്ങിയ ലിഫ്റ്റ് തുറക്കുകയും ചെയ്തില്ല. ലിഫ്റ്റ് ടെക്‌നീഷ്യന്‍മാര്‍ എത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തി ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ലിഫ്റ്റ് തുറക്കുകയായിരുന്നു. അഖിലേഷിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























