സനാതന ധര്‍മ്മത്തെ കുറിച്ച് തമിഴ്‌നാട്ടില്‍ വാക്‌പ്പോര് മൂര്‍ച്ഛിക്കുകയാണ്. ഡിഎംകെയും ബിജെപിയും നേര്‍ക്കുനേര്‍ കളത്തിലിറങ്ങി പേരാടുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവുമായാണ് പോരാട്ടം നടത്തുന്നത്. സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള കോലാഹലം മോദിയും അമിത്ഷായും എറ്റെടുത്ത് രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്

സനാതന ധര്‍മ്മത്തെ കുറിച്ച് തമിഴ്‌നാട്ടില്‍ വാക്‌പ്പോര് മൂര്‍ച്ഛിക്കുകയാണ്. ഡിഎംകെയും ബിജെപിയും നേര്‍ക്കുനേര്‍ കളത്തിലിറങ്ങി പേരാടുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവുമായാണ് പോരാട്ടം നടത്തുന്നത്. സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള കോലാഹലം മോദിയും അമിത്ഷായും എറ്റെടുത്ത് രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്. വിഷയം ബിജെപി ഏറ്റെടുത്തതിന് പിന്നാലെ വിവാദം ആളിക്കത്തിച്ച് ഡിഎംകെ നേതാവായ എ രാജ രംഗത്തെത്തി. സനാതന ധര്‍മത്തെ എച്ഐവിയോടും കുഷ്ഠത്തോടുമാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്. ചെന്നൈയില്‍, ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. '
സനാതന ധര്‍മം, മലേറിയ, ഡെങ്കി കൊതുക്, കൊറോണ ഒക്കെ പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി വളരെ സൗമ്യമായാണ് സംസാരിച്ചത്. മലേറിയ, ഡെങ്കിപ്പനി എന്നിവ വെറുക്കപ്പെടേണ്ടവയോ സാമുഹിക അപമാനമോ അല്ല. എന്നാല്‍. മുന്‍കാലത്ത് കുഷ്ഠരോഗവും ഇപ്പോള്‍ എച്ച്ഐവിയും വെറുപ്പോടെയാണ് ആളുകള്‍ കാണുന്നത്. ഡിഎംകെയെ സംബന്ധിച്ചിടത്തോളം, സനാതന ധര്‍മം ഒരു രോഗം പോലെയാണ് കാണുന്നത്. അത് എച്ച്ഐവിയോ കുഷ്ഠമോ പോലെ സാമൂഹിക അപമാനം ഉണ്ടാക്കുന്നതാണ്', എ രാജ പറഞ്ഞു.
സനാതന ധര്‍മ്മത്തെ എച്ച് ഐവിയോടും കുഷ്ഠത്തോടും ഉപമിച്ച ഡിഎംകെയുടെ പേരിനെ തന്നെ കളിയാക്കി കൊണ്ട് ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ രംഗത്തെത്തിയത് തമിഴ്‌നാട്ടിലെ വരുംകാല രാഷ്ട്രീയത്തിലും സനാതന ധര്‍മ്മം ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചു തന്നെയെന്ന് വ്യ്ക്തമാണ്. ഡിഎംകെ അഥവാ ദ്രാവിഡ മുന്നേറ്റ കഴകംഎന്നതിന് 'ഡെങ്കിപ്പനി, മലേറിയ, കൊസു' (ഡി-ഡെങ്കിപ്പനി, എം-മലേറിയ, കെ-കൊസു അതായത് കൊതുക് എന്നിങ്ങനെയാണെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ നിര്‍വ്വചിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യേണ്ടതുണ്ടെങ്കില്‍ അത് ഡിഎംകെയെയാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില നുണകള്‍ പറഞ്ഞുവെന്ന് അണ്ണാമലൈ ആരോപിച്ചു. പരസ്യ സംവാദത്തിന് പ്രധാനമന്ത്രിയേയും അമിത് ഷായേയും എം.കെ.സ്റ്റാലിന്‍ വെല്ലുവിളിച്ചിരുന്നു.
കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി, സനാതന ധര്‍മത്തെ പകര്‍ച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. പിന്നാലെ, ഉദയനിധിക്ക് ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച സ്റ്റാലിന്‍, ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന് പറഞ്ഞിരുന്നു.
സനാതന ധര്‍മത്തെ പിന്തുണച്ച പ്രധാനമന്ത്രിയെ ഡിഎംകെ നേതാവ് എ രാജ വിമര്‍ശിച്ചിരുന്നു. ' നമ്മള്‍ സനാതന ധര്‍മം പിന്തുടര്‍ന്നിരുന്നെങ്കില്‍, മോദിക്ക് വിദേശത്ത് പോകാനാകുമായിരുന്നില്ല. കാരണം ഒരു നല്ല ഹിന്ദു കടല്‍ കടന്ന് പോകാന്‍ പാടില്ല' .വര്‍ണാശ്രമത്തെയും, സനാതന ധര്‍മത്തെയും കുറിച്ചുള്ള ഒരുസംവാദത്തിന് രാജ മോദിയെയും, അമിത്ഷായെയും വെല്ലുവിളിച്ചു. ' ഇത് ഞാന്‍ എന്റെ നേതാവിന്റെ അനുമതിയോടെയാണ് പറയുന്നത്. ഡല്‍ഹിയില്‍ നിങ്ങള്‍ ഒരുകോടി ആള്‍ക്കാരെ വിളിച്ചുകൂട്ടു. നിങ്ങളുടെ ശങ്കരാചാര്യന്മാരെ കൊണ്ടുവരൂ. നിങ്ങളുടെ കയ്യിലുള്ള അമ്പും, വില്ലും, അരിവാളും എല്ലാമായി അവിടെ സംവാദത്തിന് വരൂ. അവിടെ ഞാന്‍ അംബേദ്കറും പെരിയാറും എഴുതിയ പുസ്തകങ്ങളുമായി വരും. നമ്മള്‍ക്ക് ചര്‍ച്ച നടത്താം, എ രാജ പറഞ്ഞു.
അതേസമയം ,ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെ കേരളത്തിലെ ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകളും വിവാദത്തിലായിരിക്കുകയാണ്. കേരളത്തിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ എന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കടക്കാന്‍ ആവശ്യപ്പെട്ടുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിക്കുകയും പുറത്തു നിന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയാകുമെന്ന് അവരോട് പറയുകയായിരുന്നു. എല്ലാവരോടും ഷര്‍ട്ട് അഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടില്ല, മറിച്ച് ചിലരോട് മാത്രമാണ് പറഞ്ഞത്. ഇത് മനുഷ്യത്വരഹിതമായ ആചാരമാണ്, ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ശ്രീ നാരായണ ഗുരുവിന്റെ 169-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. പിന്നാലെ സിദ്ധരാമയ്യയുടെ പരാമര്‍ശം വലിയ വിവാദമായി. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രവേശിക്കണമെങ്കില്‍ പുരുഷന്മാര്‍ ഷര്‍ട്ട് മാറ്റി ഷോള്‍ ധരിക്കണം. കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ആന്ധ്രാപ്രദേശിലെയും നിരവധി ക്ഷേത്രങ്ങളില്‍ ഈ രീതി പിന്തുടരുന്നുണ്ടെന്ന വാദവും പിന്നാലെ ഉയര്‍ന്നിരുന്നു.
അതേസമയം, ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറുപടി പറയണമെന്ന് ആവര്‍ത്തിക്കുകയാണ് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാന്‍ മുംബൈയിലെ യോഗത്തില്‍ 'ഇന്ത്യ' മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തില്‍ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്നാല്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. സര്‍വ ധര്‍മ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. ഓരോ പാര്‍ട്ടിക്കും അവരുടെ നിലപാട് പറയാന്‍ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ 'ഇന്ത്യ'യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കള്‍ ഉദയനിധിയെ തള്ളിയപ്പോള്‍, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തില്‍ മമതയുടെ പ്രതികരണം.
സനാതനധര്‍മം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ പ്രസ്താവിച്ചത് രാജ്യവ്യാപകമായി വന്‍ വിവാദമായി മാറുകയും ചെയ്തു. സമത്വത്തിനും സമൂഹനീതിക്കും എതിരായി നില്‍ക്കുന്ന ഒന്നാണ് സനാതനമെന്നും അതിന്റെ അര്‍ഥം തന്നെ 'മാറ്റാന്‍ സാധിക്കാത്തത്', 'ആര്‍ക്കും ചോദ്യം ചെയ്യാാന്‍ സാധിക്കാത്തത്' എന്നിവയാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധര്‍മ അബോലിഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനിടെ ഉദയനിധി നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ തലക്ക് 10 കോടിരൂപവരെ വിലയിടുന്ന രീതിയില്‍ വന്‍വിവാദമായി വളര്‍ന്നത്.
ഭരണകക്ഷിയായ ഡിഎംകെയും മറ്റു ഘടകകക്ഷികളും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി ഏതാനും നാളുകളായി ഈ വിഷയത്തില്‍ വാക്പോരിലാണ്. ദ്രാവിഡ മോഡല്‍ ഒരു കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് ഗവര്‍ണര്‍ കഴിഞ്ഞ മെയില്‍ ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു. ദ്രാവിഡ മോഡല്‍ കാലഹരണപ്പെട്ടിട്ടില്ലെന്നും പകരം സനാതന ധര്‍മം, വര്‍ണ്ണാശ്രമം, മനുനീതി, ജാതി വേര്‍തിരിവ് എന്നിവയ്ക്ക് അത് ഒരു അന്ത്യം വരുത്തുകയാണ് ചെയ്തത് എന്നുമാണ് ഗവര്‍ണര്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അന്ന് നല്‍കിയ മറുപടി.
ഇത്തരത്തില്‍ തമിഴ്നാട്ടില്‍ നടക്കുന്ന ദ്രാവിഡ-ഹിന്ദുത്വ രാഷ്ട്രീയ പോരിന്റെ ഒരു തുടര്‍ച്ചയാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഡി.എം.കെ. നേതാക്കളെ കൂടാതെ പെരിയാര്‍ രാമസ്വാമി നായ്ക്കരുടെ ആശയങ്ങള്‍ പിന്തുടരുന്ന മറ്റ് തമിഴ്-ദ്രാവിഡ സംഘടനാ നേതാക്കളും സമാന പ്രസ്താവനകള്‍ മുന്‍പ് നടത്തിയിട്ടുണ്ട്. നേരത്തെ പെരിയാര്‍ ഇ വി രാമസ്വാമി നേതൃത്വത്തില്‍ ഭഗവത്ഗീത കത്തിക്കുകവരെ ചെയ്ത നാടാണ് ഇത്. അവിടെ ദ്രാവിഡ രാഷ്ട്രീയത്തെ വെട്ടി ഹൈന്ദവ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി പ്രസിഡന്റ് അണ്ണെൈാമല അടക്കമുള്ളര്‍ ഇതിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























