മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ്... അഹമ്മദാബാദിലെ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ നല്‍കിയ സമന്‍സ് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കളായ അരവിന്ദ് കെജ്‌രിവാളും സഞ്ജയ് സിംഗും സമര്‍പ്പിച്ച ഹര്‍ജികള്‍ അഹമ്മദാബാദിലെ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റി.
എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ജഡ്ജി ജെഎം ബ്രഹ്മഭട്ട് വിധി പറയുന്നത് സെപ്റ്റംബര്‍ 14ലേക്ക് മാറ്റുകയായിരുന്നു. സെഷന്‍സ് കോടതിയിലെ പ്രിന്‍സിപ്പല്‍ ജഡ്ജിയോട് വിഷയം കേള്‍ക്കാന്‍ മറ്റൊരു ജഡ്ജിയെ ചുമതലപ്പെടുത്താന്‍ ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെടുകയും, പത്ത് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് പറയുകയും ചെയ്തതിന് ശേഷം സെപ്റ്റംബര്‍ 6നാണ് കോടതി കേസ് പരിഗണിച്ചത്.
മോദിയുടെ ബിരുദങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനുമെതിരെ ഗുജറാത്ത് സര്‍വ്വകലാശാല അഹമ്മദാബാദിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ മാനനഷ്ട പരാതി നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 6, 8 തീയതികളില്‍ നടന്ന വാദത്തിനിടെ, വിചാരണ കോടതിയുടെ സമന്‍സ് ഉത്തരവ് തെറ്റാണെന്നും ഗുജറാത്ത് സര്‍വകലാശാലയ്ക്ക് ഈ വിഷയത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും എഎപി നേതാക്കളുടെ അഭിഭാഷകര്‍ വാദിച്ചു. ഇരുവര്‍ക്കും എതിരെ കേസെടുത്തില്ലെന്നും അവര്‍ വാദിച്ചിരുന്നു
എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍) പ്രകാരം പ്രഥമദൃഷ്ട്യാ കേസെടുത്തതായി മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചിരുന്നു. മോദിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെജ്‌രിവാളിന്റെയും സഞ്ജയ് സിംഗിന്റെയും പരാമര്‍ശത്തിനെതിരെ ഗുജറാത്ത് സര്‍വകലാശാല രജിസ്ട്രാര്‍ പിയൂഷ് പട്ടേല്‍ പരാതി നല്‍ക്കുകയായിരുന്നു.
എഎപി നേതാക്കള്‍ മനഃപൂര്‍വം പത്രസമ്മേളനങ്ങളിലും ട്വിറ്ററിലും (ഇപ്പോള്‍ എക്‌സ്) സര്‍വകലാശാലയെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. അവരുടെ അഭിപ്രായങ്ങള്‍ അപകീര്‍ത്തികരവും പരിഹാസ്യവും സര്‍വ്വകലാശാലയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതുമായിരുന്നുവെന്നും പരാതിയില്‍ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha


























