ജി20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ സമാപനം....ജി20 വേദിയായ ഭാരത മണ്ഡപത്തിൽ നേതാക്കൾ മരത്തൈ നടും...ദില്ലിയിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്....നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.... ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി.....

ജി20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ സമാപനം. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്ന് നടക്കും. 10.30 മുതൽ പന്ത്രണ്ടര വരെയാണ് ചർച്ചകൾ നടക്കുക. രാവിലെ രാജ് ഘട്ടിൽ സന്ദർശനം നടത്തുന്ന ലോക നേതാക്കൾ ഗാന്ധിജിയുടെ സ്മൃതി കുടീരത്തിൽ ആദരമർപ്പിക്കും. ജി20 വേദിയായ ഭാരത മണ്ഡപത്തിൽ നേതാക്കൾ മരത്തൈ നടും. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തിൽ ആഫ്രിക്കൻ യൂണിയനും അംഗത്വം നൽകാൻ തീരുമാനമായിരുന്നു. വൈകിട്ട് ലോക നേതാക്കൾ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു. അതിനിടെ, ദില്ലിയിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് സമീപവും വെള്ളക്കെട്ടുണ്ടായി. ഇൻറർനാഷണൽ മീഡിയ സെൻറിലെ കെട്ടിടത്തിലെ താഴെ നിലയിലും വെള്ളം കയറി.
വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം, യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനത്തിൽ റഷ്യയോട് വിട്ടുവീഴ്ച ചെയ്തെന്ന വിമർശനം അമേരിക്കൻ മാധ്യമങ്ങൾ ഉയർത്തി. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇതിനെതിരെയാണ് അമേരിക്കൻ മാധ്യമങ്ങൾ വിമർശനമുയർത്തുന്നത്.എന്നാൽ റഷ്യൻ കടന്നുകയറ്റത്തിൽ ശക്തമായ താക്കീതുണ്ടെന്നാണ് യുഎസ് എൻഎസ്എ ജേക്ക് സള്ളിവൻ പ്രതികരിച്ചത്. അഭിമാനിക്കാൻ ഒന്നുമില്ലെന്നായിരുന്നു യുക്രെയ്ൻ പ്രതികരണം. ജി20 സംയുക്ത പ്രഖ്യാപനം രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. ജി20 അദ്ധ്യക്ഷ പദവിയിൽ ഏറ്റവും വിജയിച്ച നേതാവ് നരേന്ദ്ര മോദിയെന്നാണ് ബിജെപി പ്രചാരണം. ജി20യുടെ വിജയം നാളെ മുതൽ ജനങ്ങളിലെത്തിക്കാൻ ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഡല്‍ഹി ജില്ല സമ്പൂര്‍ണ ലോക്ഡൗണിന് സമാനം. ലോകമുറ്റുനോക്കുന്ന ജി20 ഉച്ചകോടിക്കായി എന്‍എസ്ജി കമാന്‍ഡോകള്‍ മുതല്‍ സൈനിക–അര്‍ധസൈനിക വിഭാഗങ്ങളും ഡല്‍ഹി പൊലീസുമാണ് സുരക്ഷയൊരുക്കുന്നത്.സമ്മേളന വേദിയായ ഭാരത് മണ്ഡപം സ്ഥിതി ചെയ്യുന്ന പ്രഗതി മൈതാനും ലട്യന്‍സ് ഡല്‍ഹിയും പൂര്‍ണമായി നിയന്ത്രിത മേഖലയാണ്. സര്‍ക്കാര്‍–സ്വകാര്യ– സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുന്നു. രാഷ്ട്രതലവന്‍മാര്‍ ഡല്‍ഹിയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ അവിടെയും സമ്പൂര്‍ണ നിയന്ത്രണമാണ്. കൊണാട്ട് പ്ലേസ്, ഖാന്‍ മാര്‍ക്കറ്റ്, ബംഗാളി മാര്‍ക്കറ്റ് പോലെയുള്ള പ്രധാന വ്യവസായ–വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നു. ന്യൂഡൽഹി ജില്ലയിൽ മാളുകളും റസ്റ്ററന്‍റുകളും തുറക്കില്ല. മരുന്നുകള്‍ ഒഴികെയുള്ളവയുടെ ഓണ്‍ലൈന്‍ ഡെലിവറിയുമില്ല.
ജി20 ഉച്ചകോടിക്കിടെ റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ധാരണയായതോടെ മേഖലയിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. രണ്ടര വർഷം മുന്‍പ് ഇന്ത്യയും അടുത്ത സഖ്യകക്ഷിയായ യുഎഇയും വിഭാവനം ചെയ്ത ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി, ഇന്ത്യയെയും യൂറോപ്പിനെയും സൗദി അറേബ്യ വഴി അടുപ്പിക്കും.ഘട്ടം ഘട്ടമായി ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി പൂർത്തിയാക്കും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റെയിൽ എൻജിനുകളാവും ഉപയോഗിക്കുക. ഭാവിയിൽ വിയറ്റ്നാമിൽ നിന്ന് മ്യാൻമർ, ബംഗ്ലദേശ് വഴി ഇന്ത്യയിലേക്ക് ചരക്കുകൾ അയയ്ക്കാനും എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ ഇന്ത്യൻ ചരക്കുകൾ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ഒരു റെയിൽപ്പാലമായിരിക്കും ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി. ഇസ്രയേലിലെ ഹൈഫ തുറമുഖം നിലവിൽ ഒരു ഇന്ത്യൻ കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























