കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ... കമ്മീഷന്‍, അഴിമതി എന്നിവയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് അമിത് ഷാ

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കോണ്‍ഗ്രസിനെ കമ്മീഷന്‍, അഴിമതി എന്നിവയുടെ പാര്‍ട്ടിയെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. പ്രതിപക്ഷസഖ്യമായ 'ഇന്ത്യ'യേയും അമിത് ഷാ കടന്നാക്രമിച്ചു. 27 പാര്‍ട്ടികള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ കൈകോര്‍ത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
ബിജെപിയാകട്ടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'അന്ത്യോദയ സമ്മേളനം' പരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം നടപ്പാക്കിയതിന് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെ ഷാ അഭിനന്ദിച്ചു.
ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കിയതായും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളും പദ്ധതികളും ഉയര്‍ത്തിക്കാട്ടിയ കേന്ദ്രമന്ത്രി, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ഷാ, 'അന്ത്യോദയ' കുടുംബങ്ങള്‍ക്കായി അഞ്ച് പദ്ധതികള്‍ പ്രഖ്യാപിച്ചു.
'കഴിഞ്ഞ ഒമ്പത് വര്‍ഷമായി (ബിജെപിക്ക് കീഴില്‍) നടന്ന വികസനം ദൃശ്യമാണോ അതോ (നിങ്ങളുടെ) കണ്ണുകള്‍ ഇപ്പോഴും അടഞ്ഞിരിക്കുകയാണോ എന്നെനിക്ക് ഹൂഡ ജിയോട് ചോദിക്കണം.' ഹരിയാന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹരിയാനയെയോ രാജ്യത്തെയോ വികസനത്തിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ഷാ ആരോപിച്ചു.
'വെട്ടിപ്പിന്റെയും കമ്മീഷന്റെയും അഴിമതിയുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ കൈ (തിരഞ്ഞെടുപ്പ് ചിഹ്നം) ഹരിയാനയിലെ ജനങ്ങള്‍ക്കൊപ്പമല്ല,' കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. ഇന്ത്യ സഖ്യത്തെ അഹങ്കാരികളുടെ സഖ്യമെന്ന് വിശേഷിപ്പിച്ച ഷാ, പ്രതിപക്ഷ ബ്ലോക്കിലെ 27 ഘടകകക്ഷികളും കുടുംബാധിപത്യത്തിന്റെ വക്താക്കളാണെന്ന് ആരോപിച്ചു.
'27 കക്ഷികളും കുടുംബ രാഷ്ട്രീയ വാദികളാണ്. ചിലര്‍ക്ക് മകനെ കൊണ്ടുവരണം, ചിലര്‍ക്ക് മകനെ പ്രധാനമന്ത്രിയാക്കണം, ചിലര്‍ക്ക് മകനെ ഏജന്‍സികളില്‍ നിന്ന് രക്ഷിക്കണം, ചിലര്‍ക്ക് മകനെ മുഖ്യമന്ത്രിയാക്കണം. ചിലര്‍ക്ക് മാഡം ആവണം. ഈ ആളുകള്‍ക്ക് ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മ ചെയ്യാന്‍ കഴിയുമോ?' ഷാ ചോദിച്ചു.
രാമക്ഷേത്ര വിഷയത്തിലും അദ്ദേഹം കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് രാമക്ഷേത്ര വിഷയം പരിഗണിക്കാതിരിക്കുകയും അതിന്റെ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ഷാ ആരോപിച്ചു.
ക്ഷേത്രത്തിന് തറക്കല്ലിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജനുവരി 22ന് രാംലല്ലയുടെ വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























