സ്വന്തം കുട്ടിയെ അച്ഛന്‍ കൊണ്ടുപോകുന്നതിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് കോടതി

മകനെ പിതാവ് തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് കോടതിയില്‍ എത്തിയപ്പോള്‍ നിയമപരമായി അനുമതിയില്ലെങ്കിലും സ്വന്തം കുട്ടിയെ അച്ഛന്‍ കൊണ്ടുപോകുന്നതിനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. 35 കാരന്റെ എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍, താന്‍ കുട്ടിയുടെ സ്വന്തം പിതാവും രക്ഷാധികാരിയുമാണെന്നും തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നും കോടതിയില്‍ അദ്ദേഹം പറഞ്ഞു. ഹിന്ദു മൈനോറിറ്റി ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് ആക്ട് പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെ സ്വാഭാവിക രക്ഷിതാവിന്റെ നിര്‍വചനം പരാമര്‍ശിച്ച കോടതി, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്ക്, പിതാവ് ഒരു സ്വാഭാവിക രക്ഷാധികാരിയാണെന്നും അദ്ദേഹത്തിന് ശേഷം അമ്മയാണെന്നും പറഞ്ഞു.
ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമപരമായി ഒരു കോടതിയുടെയും അനുമതിയില്ലെങ്കില്‍ കൂടിയും, പ്രായപൂര്‍ത്തിയാകാത്ത സ്വന്തം കുട്ടിയെ അമ്മയുടെ പക്കല്‍നിന്നും പിതാവ് കൂട്ടികൊണ്ട് പോകുന്നതിനെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
'ഗാര്‍ഡിയന്‍ എന്ന പ്രയോഗം പ്രായപൂര്‍ത്തിയാകാത്തവരെ പരിപാലിക്കുന്ന ഏതൊരു വ്യക്തിയെയും ഉള്‍ക്കൊള്ളുന്നു. അതിനാല്‍, ഞങ്ങളുടെ അഭിപ്രായത്തില്‍, നിയമപരമായ വിലക്കിന്റെ അഭാവത്തില്‍, സ്വന്തം കുട്ടിയെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന് ഒരു പിതാവിനെതിരെ കേസെടുക്കാന്‍ കഴിയില്ല, ''കോടതി പറഞ്ഞു. സ്വന്തം പിതാവ് കുട്ടിയെ അമ്മയുടെ അരികില്‍ നിന്ന് എടുക്കുന്നതിന്റെ ഫലം കുട്ടിയെ ഒരു സ്വാഭാവിക രക്ഷാധികാരിയുടെ കസ്റ്റഡിയില്‍ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമാണെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.
2023 മാര്‍ച്ച് 29ന് തന്റെ മൂന്ന് വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് അമരാവതി പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് റദ്ദാക്കികൊണ്ടാണ് ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം കാര്യങ്ങള്‍ തുടരുന്നത് കോടതിയുടെ നടപടി ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























