ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു...കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കി. നഗരത്തില്‍ അത്യാവശ്യമല്ലാത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കല്‍ ജോലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ദേശീയ തലസ്ഥാനത്തിലേക്കുള്ള ലഘു വാണിജ്യ വാഹനങ്ങളുടെയും ഡീസല്‍ ട്രക്കുകളുടെയും പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
കൂടാതെ സ്‌കൂളുകള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള സ്‌കൂളുകളില്‍ നേരിട്ട് നടത്തുന്ന ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തേക്കും.
കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) കീഴില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) നടത്തിയ ഒരു വിശകലന പ്രകാരം, പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍, എല്ലാ വര്‍ഷവും നവംബര്‍ 1 മുതല്‍ നവംബര്‍ 15 വരെ ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന മലിനീകരണം അനുഭവപ്പെടുന്നു. സിഎക്യുഎം പറയുന്നത് അനുസരിച്ച്, സെപ്റ്റംബര്‍ 15 മുതല്‍ പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കുന്ന സംഭവങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 56 ശതമാനവും 40 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ജിആര്‍എപി 3 നടപ്പിലാക്കിയതിന് ശേഷം കര്‍ശനമായി നിരോധിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍:
ബോറിംഗ്, ഡ്രില്ലിംഗ് ജോലികള്‍ ഉള്‍പ്പെടെ കുഴിക്കുന്നതിനും നികത്തുന്നതിനുമുള്ള ജോലികള്‍..
ഫാബ്രിക്കേഷന്‍, വെല്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍, പൊളിക്കല്‍ ജോലികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ഘടനാപരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും.
പ്രൊജക്റ്റ് സൈറ്റുകള്‍ക്കകത്തോ പുറത്തോ എവിടെയും നിര്‍മ്മാണ സാമഗ്രികള്‍ കയറ്റുന്നതും ഇറക്കുന്നതും.
ഫ്‌ലൈ ആഷ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ കൈമാറ്റം
നടപ്പാതയില്ലാത്ത റോഡുകളിലൂടെ വാഹനങ്ങളുടെ സഞ്ചാരം
ഓപ്പണ്‍ ട്രഞ്ച് സംവിധാനം ഉപയോഗിച്ച് മലിനജല ലൈന്‍, വാട്ടര്‍ലൈന്‍, ഡ്രെയിനേജ് വര്‍ക്ക്, ഇലക്ട്രിക് കേബിളിംഗ് എന്നിവ സ്ഥാപിക്കല്‍
ടൈലുകള്‍, കല്ലുകള്‍, മറ്റ് തറ സാമഗ്രികള്‍ എന്നിവയുടെ മുറിക്കലും ഉറപ്പിക്കലും
ഗ്രൈന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍, പൈലിംഗ് ജോലികള്‍, വാട്ടര്‍ പ്രൂഫിംഗ് ജോലികള്‍, പെയിന്റിംഗ്, പോളിഷിംഗ്, വാര്‍ണിഷിംഗ് ജോലികള്‍ തുടങ്ങിയവ
ഡല്‍ഹി-എന്‍സിആറിലെ വായുവിന്റെ ഗുണനിലവാരം അവലോകനം ചെയ്യുന്നതിനുള്ള യോഗത്തില്‍, പ്രതികൂല കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും കാരണം മലിനീകരണത്തിന്റെ തോത് ഇനിയും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു.
ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) വൈകീട്ട് അഞ്ചിന് 402 പോയിന്റിലേക്ക് എത്തിയിരുന്നു. പൂജ്യത്തിനും 50നും ഇടയിലുള്ള എ.ക്യു.ഐ നല്ലത്, 51നും 100നും ഇടയില്‍ തൃപ്തികരം, 101നും 200നും ഇടയില്‍ മിതമായത്, 201നും 300 നും ഇടയില്‍ മോശം, 301നും 400നും ഇടയില്‍ വളരെ മോശം 401നും 500നും ഇടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണ നിലവാരം കണക്കാക്കുന്നത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ദേശീയ തലസ്ഥാനം കനം കുറഞ്ഞ മൂടല്‍മഞ്ഞിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 7 മണിയോടെ സഫ്ദര്‍ജംഗ് ഒബ്സര്‍വേറ്ററിയില്‍ ദൃശ്യപരത വെറും 500 മീറ്ററായി കുറഞ്ഞു, പകല്‍ സമയത്ത് താപനില വര്‍ദ്ധിക്കുന്നതിനാല്‍ ഇത് ക്രമേണ 800 മീറ്ററായി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജിആര്‍എപി മൂന്നാം ഘട്ടത്തില്‍ അവശ്യ സര്‍ക്കാര്‍ പദ്ധതികള്‍, ഖനനം, കല്ല് പൊടിക്കല്‍ എന്നിവ ഒഴികെയുള്ള നിര്‍മ്മാണവും പൊളിക്കലും പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടുന്നു. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലഘു വാണിജ്യ വാഹനങ്ങളുടെ പ്രവേശന നിരോധനവും ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha



























