ഐ.ജി. പി.വിജയന്റെ സസ്പെൻഷൻ...ചീഫ് സെക്രട്ടറി മൂന്ന് തവണ കുറിപ്പ് നൽകിയിട്ടും മുഖ്യമന്ത്രി അനുമതി നൽകാത്തത് വിജയന്റെ സി ബി ഐ പ്രവേശനം തടയാൻ...നാളെ വിജയന് കേന്ദ്ര സർക്കാർ ഒരു പദവി നൽകിയാൽ, വിവിധ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ സംശയ നിഴലിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്, അത് പണിയാകുമെന്ന കാര്യത്തിൽ സംശയമില്ല...

ഐ.ജി. പി.വിജയന്റെ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മൂന്ന് തവണ കുറിപ്പ് നൽകിയിട്ടും മുഖ്യമന്ത്രി അനുമതി നൽകാത്തത് വിജയന്റെ സി ബി ഐ പ്രവേശനം തടയാൻ.എന്നാൽ സസ്‌പെൻഷൻ റദ്ദാക്കാതിരുന്നാൽ വിജയൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ആനുകൂല്യം കിട്ടിയാലുടൻ സി ബി ഐയിലേക്ക് പോകുമെന്നും മനസ്സിലാക്കുന്നു.ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് ഐ. ജി.വിജയന്റെ സി ബി ഐ നിയമനം സംസ്ഥാന സർക്കാർ ഭയക്കുന്നത്. വിജയൻ സി ബി ഐയിലെത്തിയാൽ ലാവ്‌ലിൻകേസിൽ ഹാജരാകാതിരിക്കാനുള്ള സി ബി ഐ അഭിഭാഷകന്റെ ജലദോഷം മാറും.എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ പ്രതിയെ പിടി കൂടാൻ കേന്ദ്രസഹായം നേടിയതാണ് ഐ.ജി. വിജയനെ സംസ്ഥാന സർക്കാരിന് ശത്രുവാക്കിയതെന്നാണ് പറയുന്നത്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടെന്ന് മനസിലാക്കിയപ്പോൾ ഐ.ജി. പി. വിജയൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലുള്ള മലയാളിയായ ഐ.ജിഅനൂപ് കുരുവിള ജോണിന്റെ സഹായം തേടി. ഇത് അന്നത്തെ ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശാനുസരണമായിരുന്നു. ഐ.ബി.മഹാരാഷ്ട്ര ,കർണാടക ഭീകര വിരുദ്ധ സ്ക്വാഡ്, ഉത്തർപ്രദേശ് ,ഡൽഹി പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് അന്ന് പ്രതിയെ പിടികൂടിയത്. എന്നാൽ കേരള പോലീസിന് കിട്ടേണ്ടിയിരുന്ന തിളക്കം ഐ.ജി.വിജയൻ ഇല്ലാതാക്കിയെന്നാണ് കേരള പോലീസിലെ ഒരു ഉന്നതൻ പറയുന്നത്.
പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് കഴിഞ്ഞ മേയ് 8 ന് ഐ.ജിയെ സസ്പെന്റ് ചെയ്തത്. അഡീഷണൽ ഡി ജി പി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ടിലായിരുന്നു നടപടി. അജിത് കുമാറും വിജയനും തമ്മിലുള്ള പിണക്കമാണ് സസ്‌പെൻഷനിലേക്ക് നയിച്ചതെന്ന് കരുതുന്നവർ ഇന്നും പോലീസിലുണ്ട് . എന്നാൽ സസ്പെൻഷൻ പിൻ വലിച്ചാൽ വിജയൻ കേന്ദ്രത്തിലെത്തി മോദിയുമായി കൈ കോർക്കുമെന്ന ഭയമാണ് സർക്കാരിന് ഉള്ളതെന്ന് പോലീസിലെ ഉന്നതർ തന്നെ പറയുന്നു.അത് പിണറായിക്ക് പാരയാവും. വിജയന് മോദിയുമായി നേരിട്ട് ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിന്റെ നൂറാം എപ്പിസോഡിൽ വിജയനെ ക്ഷണിച്ചിരുന്നു. രാജ്യത്തെ 100 പ്രമുഖരിൽ ഒരാളായിട്ടായിരുന്നു ക്ഷണം. എന്നാൽ സർക്കാർ അനുമതി നൽകിയില്ല. തീവണ്ടി കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ടെന്ന ആരോപണവും വിജയന് എതിരെയുണ്ട്. വിജയന് കേരളത്തിലെ സാഹചര്യം നന്നായി അറിയാമെന്നും അദ്ദേഹം കേന്ദ്രത്തിലേക്ക് പോയാൽ അത് പാരയാകുമെന്നും കേരള സർക്കാർ കരുതുന്നു. ഇത്തരത്തിൽ ഒരു റിപ്പോർട്ടാണ് പോലീസ് ഉന്നതൻ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്തു ചെയ്യുന്നതും പോലീസ് ഉന്നതന്റെ നിർദ്ദേശം അനുസരിച്ചാണ് .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസക്ക് പാത്രമായതു കാരണമാണ് പി.വിജയന് പണി കിട്ടിയതെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. അതിനാൽ കേന്ദ്രത്തിന്റെ പിന്തുണ വിജയനാണ്.
മറ്റാരെ സസ്പെൻറ് ചെയ്താലും വിജയനെ സസ്പെൻറ് ചെയ്യരുതായിരുന്നു എന്നാണ് ഉദ്യോഗസ്ഥ സമൂഹം പറയുന്നത്.ആരെയും ദ്രോഹിക്കുന്നയാളല്ല ഐ.ജി.പി.വിജയൻ.സങ്കീർണമായ ജീവിതാവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോയിട്ടുള്ളത്. പത്താം ക്ലാസ് തോറ്റ ശേഷം നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച് ഐപിഎസ് നേടിയ വ്യക്തിയാണ് അദ്ദേഹം.കൂലിപ്പണിക്കാരന്‍റെ മകനായാണ് അദ്ദേഹം ജനിച്ചത്. കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഐപിഎസ് നേടിയ ചരിത്രമാണ് ഐജി പി.വിജയന്‍റേത്. ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും കയ്യടി നേടിയ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തതിന് പിന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.ആർക്കും എപ്പോഴും കാണാനും സംസാരിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.പുത്തൂര്‍ മഠത്തില്‍ കൂലിപ്പണിക്കാരനായ പി വേലായുധന്‍റെ മകനായി ജനിച്ച ഐജി പി.വിജയന്‍റെ ഐപിഎസിലേക്കുള്ള യാത്ര ഒരു മോട്ടിവേഷണൽ സ്റ്റോറിയാണ് . പത്തിൽ
തോറ്റ വിജയൻ ചുമടെടുക്കാൻ വരെ പോയി.. ഇക്കാലത്ത് ഒരു ദിവസം വന്ന പത്രവാർത്തയാണ് വിജയന് പുതിയൊരു വെളിച്ചം ജീവിതത്തില്‍ നല്‍കിയത്. പാവപ്പെട്ട വീട്ടിലെ കുട്ടി ഐഎഎസ് നേടിയ വാര്‍ത്തയായിരുന്നു അത്. മുൻ ചീഫ് സെക്രട്ടറി വി പി ജോയിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. വി.പി.ജോയിയുടെ ജീവിതം പി വിജയനെ ആവേശഭരിതനാക്കി. പാവപ്പെട്ടവർക്ക് അന്ന് ബാലികേറാമലയായിരുന്നു സിവിൽ സർവീസ്. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് സിവിൽ സർവീസ് സ്വപ്നമല്ല യാഥാർത്ഥ്യമാക്കാമെന്ന് അദ്ദേഹം മനസിലാക്കി.
പിന്നീട് അധ്യാപകന്‍റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിൽ ചേർത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ വിജയിച്ചു. ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതി. കിട്ടിയില്ല. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടെ കുറച്ചുനാള്‍ കോളജ് അദ്ധ്യാപകനായി. ഇതിനിടെ വീണ്ടും സിവിൽ സർവീസ് എഴുതിയപ്പോള്‍ കിട്ടിയില്ല. പക്ഷെ, നിരാശനാകാതെ അടുത്തതവണ എഴുതിയപ്പോള്‍ ഐപിഎസ് കിട്ടി.
സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കാരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ അഭിനന്ദിച്ചു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും തുടങ്ങി വിജയന്‍ നടപ്പാക്കിയ പദ്ധതികള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ നിയമം, അച്ചടക്കം, പൗരബോധം എന്നിവ വളര്‍ത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു ജനാധിപത്യ സമൂഹത്തിന്‍റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്‍റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്‍റെ ആശയങ്ങളായിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സിന്‍റെ എംഡിയുമായിരുന്ന പി വിജയൻ സിപിഎമ്മിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകൾ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിർപ്പിന് കാരണമായെന്നാണ് വിവരം. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന് കീഴിൽ വരുന്നവരാണ്. പ്രധാനമന്ത്രി ഒരു പരാമർശം നടത്തിയാൽ അത് അവരെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്.
ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മോൻസൻ കേസിൽ ആരോപണ വിധേയരായവർക്കെതിരെഹൈക്കോടതി വരെ പരാമർശം നടത്തിയിരുന്നു.എന്നിട്ടും ഒന്നും സംഭവിച്ചില്ല.ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ
സസ്പെൻ്റ് ചെയ്യുന്ന വിധത്തിലാണ് വിജയനെ സസ്പെൻറ് ചെയ്തത്. ഇതാണ് സംസ്ഥാനത്തെ അവസ്ഥയെങ്കിൽ ആർക്കും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന മുന്നറിയിപ്പ് ഉയർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നൽകിക്കഴിഞ്ഞു.
കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് സാഹചര്യം വീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ പ്രശംസക്ക് പാത്രമായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ കരുതുന്നു. ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കുക.എന്നാൽ വിജയൻ്റെ സസ്പെൻഷന് പ്രധാനമന്ത്രിയുടെ പ്രസംഗവുമായി ഒരു ബന്ധവുമില്ലന്ന് പിണറായി പക്ഷക്കാർ പ്രചരിപ്പിച്ചു. ഏതായാലും പിണറായിക്ക് മുട്ടിടി വാട്ടർ സപ്ലൈ തുടങ്ങിക്കഴിഞ്ഞു. സസ്പെൻഷന് എതിരെ ഐ.ജി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനും സാധ്യതയുണ്ട്.പി.വിജയൻ ഖേദപൂർവമാണ് കഴിയുന്നത്. തൻ്റെ പേരിലുള്ള കുറ്റം വിജയന് മനസിലായിട്ടില്ല. ഏതോ മഹാപാതകം ചെയ്ത മട്ടിലാണ് സർക്കാർ വിജയന്നെതിരെ നടപടിയെടുത്തത്. എന്നാൽ സംസ്ഥാനത്തെ എല്ലാ മാധ്യമങ്ങളും വിജയനെ കുറിച്ച് പോസിറ്റീവ് സ്റ്റോറികൾ നൽകിയാണ് സസ്പെൻഷനെ വരവേറ്റത്. ഇത് സർക്കാരിനെ കൂടുതൽ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. നാളെ വിജയന് കേന്ദ്ര സർക്കാർ ഒരു പദവി നൽകിയാൽ വിവിധ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ സംശയ നിഴലിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് അത് പണിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥർ പറയുന്നു.
https://www.facebook.com/Malayalivartha



























